Saturday , October 4 2025, 10:16 am

ഓണം: ബാംഗ്ലൂരിലേക്ക് പ്രതിദിനം 19 ബസുകള്‍ കൂടി അനുവദിച്ച് കേരള ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്തെ ബാംഗ്ലൂര്‍ റൂട്ടിലുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ച് കേരള ആര്‍ടിസി. പ്രതിദിനം 19 ബസുകള്‍ കൂടി അധികമായി ലഭ്യമാക്കുമെന്ന് കേരള ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ അനുവദിച്ച 20 സ്‌പെഷല്‍ ബസുകള്‍ക്ക് പുറമേയാണിത്. ബുക്കിങ് അടുത്ത ദിവസം മുതല്‍ ആരംഭിക്കും.

ഓണക്കാലത്തോട് അനുബന്ധിച്ച് നിരത്തിലിറക്കിയ പുത്തന്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇവയുടെ കന്നി സര്‍വീസാണ് ബാംഗ്ലുരിലേക്ക് നടത്തുന്നത്. ഓണം അടുത്തതോടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. തിരക്ക് കൂടുതലുള്ള സെപ്തംബര്‍ 3ന് ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പര്‍ ബസിലെ ടിക്കറ്റ് നിരക്ക് 5000 രൂപയിലെത്തി. തിരുവനന്തപുരത്തേക്ക് 4000-4500 രൂപയും കോഴിക്കോടേക്ക് 2500-3000 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്.

Comments