തിരുവനന്തപുരം: ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ). ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയും സംഘവും നവംബറില്‍ കേരളത്തിലെത്തി സൗഹൃദ മത്സരം കളിക്കുമെന്ന് എഎഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കയാണ്. ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എഎഫ്എ പുറത്തുവിട്ടതില്‍ കേരളവും ഉള്‍പ്പെട്ടിരുന്നു. കേരളത്തിനു പുറമേ അംഗോളയിലും അര്‍ജന്റീന ടീം കളിക്കും.
കേരളത്തില്‍ നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അര്‍ജന്റീന ടീമിന്റെ എതിരാളികള്‍ ആരാകും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസി കളിച്ചിരുന്നു