Saturday , October 4 2025, 5:09 am

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു; രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്

പാലക്കാട്: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. എഐസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. നിലവിലെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതിന് മുന്‍പു തന്നെ പാര്‍ട്ടിക്ക് രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അന്വേഷണത്തിന് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

പാര്‍ട്ടി അന്വേഷണത്തില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുലിനോട് നിര്‍ദേശം നല്‍കിയത്. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു.

വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചത്. തെറ്റ് ചെയ്തത് കൊണ്ടല്ല രാജിയെന്നും പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് മാനിച്ചു കൊണ്ടാണെന്നും ആയിരുന്നു രാജി പ്രഖ്യാപനത്തിന് ശേഷമുള്ള രാഹുലിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരും.

 

Comments