Saturday , October 4 2025, 3:29 am

തുറന്നു പറച്ചിലുകൾ തലവേദനയാകുന്നു; പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കമുള്ള വിഷയങ്ങൾ ആരോഗ്യ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത് ചർച്ചയായതോടെ നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഡോക്ടർമാർ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാര്‍
വകുപ്പ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഡോ.ഹാരിസിന് പിന്നാലെ ഡോ.മോഹന്‍ദാസും ആരോഗ്യമേഖലയെ വിമര്‍ശിച്ചതോടെയാണ് ഡോക്ടർമാരുടെ വാ മൂടിക്കെട്ടാൻ പ്രിൻസിപ്പൽ നടപടി തുടങ്ങിയത്.

മരണാനന്തര അവയവദാന പദ്ധതി പാടെ തകര്‍ന്നെന്നും അത് ഏകോപിപ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ.സോട്ടോ പരാജയമെന്നുമാണ് നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. മോഹന്‍ദാസ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇതുവരെ കടാവര്‍ ട്രാന്‍സ്പ്‌ളാന്റ് നടന്നിട്ടില്ലെന്നും വിമര്‍ശനമായി അദ്ദേഹം എഴുതി. മെഡിക്കല്‍ കോളജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവച്ചായിരുന്നു കുറിപ്പ്. ‘ഡോ. വേണുഗോപാലും ഡോ. രാംദാസുമാണ് കേരളത്തിലെ മൃതസഞ്ജീവനി വിജയമാക്കി തീര്‍ത്തത്. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി സമ്പൂര്‍ണ പരാജയമാണെന്നും’ കുറിപ്പില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഡോക്ടർ മോഹൻ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇത്തരം വിമർശനങ്ങൾ ആവർത്തിക്കില്ലെന്ന് മറുപടി നൽകിയ അദ്ദേഹം സമൂഹ മാധ്യമത്തിലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.

ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ആരോഗ്യവകുപ്പിനെ വിമർശിച്ച് മറ്റൊരു ഡോക്ടർ കൂടി രംഗത്തെത്തിയത്. രണ്ട് ഡോക്ടർമാരുടെയും പ്രതികരണങ്ങൾ കണക്കിലെടുത്ത് കൂടുതല്‍ പേര്‍ വാ തുറക്കുന്നത് ഒഴിവാക്കാനാണ്
പരസ്യപ്രസ്താവനകളിൽ നിന്ന് ഡോക്ടർമാർ മാറിനിൽക്കണമെന്ന് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയത്.

Comments