Saturday , October 4 2025, 4:52 am

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തി. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.മഹേഷ് നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പോലീസ് കേസെടുത്തു.

എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നു കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പാണോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ക്കാണോ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. ക്ഷേത്രസുരക്ഷയെയും ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നുഴഞ്ഞുകയറ്റമെന്നും പരാതിയില്‍ പറയുന്നു. ജൂണ്‍ 13-ന് മുന്‍പുള്ള ദിവസങ്ങളിലാണ് ഹാക്കിങ് നടന്നിരിക്കുന്നത്.

ക്ഷേത്രത്തിലെ ഒരു താത്കാലിക ജീവനക്കാരന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി മാസങ്ങള്‍ക്കു മുന്‍പ് ഇയാളെ കംപ്യൂട്ടറുമായി ബന്ധപ്പെട്ട സെക്ഷനില്‍നിന്ന് മാറ്റിയിരുന്നു. ഇതിനു പിന്നാലെ ജീവനക്കാരുടെ ഒരു സംഘടനാനേതാവിന്റെയും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ചിലരുടെയും നേതൃത്വത്തില്‍ ഉന്നതോദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതികളില്‍ പക്ഷേ പോലീസ് നടപടിയെടുത്തില്ല. ഈ സംഭവത്തിനു പിന്നാലെയാണ് ക്ഷേത്രത്തിലെ ബി നിലവറ തുറന്നുപരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നത്.

കംപ്യൂട്ടര്‍ വിഭാഗത്തില്‍നിന്നു മാറ്റിയ ശേഷവും ഈ ജീവനക്കാരന്‍ ക്ഷേത്രത്തിന്റെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിലേക്ക് സ്ഥിരമായി കയറുകയും ഉന്നതോദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിലെ വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്തിരുന്നു. പല ഉദ്യോഗസ്ഥര്‍ക്കും നെറ്റ്വര്‍ക്കിലേക്കുള്ള പ്രവേശനവും തടസ്സപ്പെടുത്തി. ഇതോടെ ഒരു വിദഗ്ദ്ധനെ വരുത്തി ക്ഷേത്രം അധികൃതര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഹാക്കിങ് വിവരം അറിയുന്നത്.

Comments