കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ (31) ആണ് മരിച്ചത്. വ്യാജമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 23 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അതേസമയം മരിച്ചവരില്‍ അഞ്ച് മലയാളികളുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാല് തമിഴ്നാട് സ്വദേശികള്‍ക്കും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളും വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.
മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതാണ് അപകട കാരണം എന്നാണ് കണ്ടെത്തല്‍. ജലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. മലയാളികള്‍ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം. മദ്യനിരോധനമുള്ള കുവൈത്തില്‍ അനധികൃതമായി നിര്‍മിച്ച വ്യാജമദ്യം വാങ്ങി കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്.
മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പെട്ട 160 പേര്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമായാതായാണ് വിവരം. പലരുടേയും കിഡ്‌നി തകരാറിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നാട്ടിലുളളവര്‍ക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവനവും എംബസി ലഭ്യമാക്കുന്നുണ്ട്.
അതേസമയം സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെയോടെ വീട്ടിലെത്തിക്കും.സംസ്‌കാരം പിന്നീട്. ഇരിണാവ് സിആര്‍സിക്ക് സമീപം പൊങ്കാരന്‍ മോഹനന്റേയും ഗിരിജയുടേയും മകനാണ് മരിച്ച സച്ചിന്‍. ഭാര്യ ഷിബിന, മകള്‍ സിയ
DeToor reflective wanderings…