Saturday , October 4 2025, 10:01 am

പാലിയേക്കര ടോള്‍പിരിവ്: ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യമെന്നും ആംബുലന്‍സിന് പോലും എളുപ്പം കടന്നുപോകാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പാലിയേക്കര വഴി താനും യാത്ര ചെയ്തിട്ടുണ്ടെന്നും തനിക്ക് എസ്‌കോര്‍ട്ട് ഉണ്ടായിട്ടു പോലും യാത്രാ തടസ്സം നേരിട്ടിരുന്നു. ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡില്‍ എങ്ങനെയാണ് ടോള്‍ പിരിക്കുകയെന്ന രൂക്ഷവിമര്‍ശനം കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ചോദിച്ചു.

ടോള്‍ പിരിക്കുന്നുണ്ടെങ്കിലും ദേശീയപാതാ അതോറിറ്റി സേവനം നല്‍കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍വീസ് റോഡുകളും മെച്ചപ്പെടുത്തിയിട്ടില്ലെന്നും റോഡ് പണി പൂര്‍ത്തിയാക്കാതെ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. റോഡ് നിര്‍മാണത്തിലെ കാലതാമസം പരിഹരിക്കാനാണ് ഫെബ്രുവരി മുതല്‍ ഹൈക്കോടതി ശ്രമിച്ചതെന്നും അനുകൂല പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ േൈഹക്കാടതി ഉത്തരവിട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഗതാഗതക്കുരുക്ക് എത്രയും വേഗം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഗതാഗത പ്രശ്‌നമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പിഴവുണ്ടെന്നും ആയിരുന്നു ദേശീയപാതാ അതോറിറ്റിയുടെ വാദം. എന്നാല്‍ പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള മുരിങ്ങൂറിലും ഗതാഗത പ്രശ്‌നമുണ്ടെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു. രേഖകള്‍ ഹാജരാക്കാന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

 

Comments