Saturday , October 4 2025, 8:53 am

അനധികൃത സ്വത്ത് സമ്പാദനക്കേസ്: എംആര്‍ അജിത് കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് കോടതി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് അപൂര്‍ണമാണെന്നു കണ്ടെത്തി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.

നാഗരാജു നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ്് വിജിലന്‍സ് നേരത്തേ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എഡിജിപിക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടായിരുന്നു ഇത്. എന്നാല്‍ അന്വേഷണം പൂര്‍ണമല്ലെന്നു കോടതി കണ്ടെത്തുകയായിരുന്നു. പരാതിക്കാരന്റെ വിശദമൊഴി പരിശോധിച്ച ശേഷമാകും പുതിയ അന്വേഷണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക.

അജിത് കുമാര്‍ ഭാര്യ സഹോദരന്റെ പേരില്‍ കവടിയാറില്‍ ഭൂമി വാങ്ങി ആഡംബര വീട് പണിതതില്‍ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. എന്നാല്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍. മുന്‍ എംഎല്‍എ പി വി അന്‍വറും അജിത് കുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

1994 മുതല്‍ 2025 വരെയുള്ള വാര്‍ഷിക ആസ്തി സ്റ്റേറ്റ്മെന്റും ഇന്‍കം ടാക്സ് റിട്ടേണുകളും ശേഖരിക്കാതെയുള്ള അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്ന് പരാതിക്കാരനായ നാഗരാജ് കോടതിയില്‍ പറഞ്ഞു. വീട്, ഫ്ളാറ്റ് എന്നിവ റെയ്ഡ് ചെയ്ത് നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തില്ല. സ്വര്‍ണ്ണം, വെള്ളി, വജ്രം ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ എന്നിവ റവന്യൂ അധികാരികള്‍, ഗവ:പിഡബ്ല്യുഡി അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് തിട്ടപ്പെടുത്തി മൂല്യ നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. ബാങ്ക് അക്കൗണ്ട്, സ്ഥിര നിക്ഷേപ രസീതുകള്‍, ബാങ്ക് ലോക്കറുകള്‍ എന്നിവ പരിശോധിച്ചിട്ടില്ല.സ്ഥാവര-ജംഗമ സ്വത്തുക്കള്‍ വാങ്ങല്‍, വില്‍ക്കല്‍ എന്നിവക്ക് ആള്‍ഇന്ത്യ സര്‍വീസ് പെരുമാറ്റ ചട്ടം 1968 പ്രകാരമുള്ള അനുമതി ഉത്തരവ് ഹാജരാക്കിയിട്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് ഹരജിക്കാരന്‍ പരാതിയില്‍ ഉന്നയിച്ചത്.

 

 

 

 

 

Comments