കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കും. റമീസിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്താലുടന്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാകുമെന്നാണ് സൂചന.
ആത്മഹത്യ പ്രേരണക്കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തുക. ഇവര്‍ക്കു പുറമെ റമീസിന്റെ ഒരു സുഹൃത്തിന് എതിരെയും പ്രേരണ കുറ്റം ചുമത്തുമെന്നും സൂചനകളുണ്ട്. തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചതില്‍ റമീസിനും മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. മതംമാറാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ മാതാപിതാക്കളടക്കം ക്രൂരതയോടെ തന്നോട് പെരുമാറിയിരുന്നെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല റമീസിന്റെ വീട്ടില്‍ വച്ച് റമീസ് തന്നെ മര്‍ദ്ദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന മാതാപിതാക്കളും സുഹൃത്തും തടഞ്ഞില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായി സുഹൃത്തിന്റെ വെളിപ്പെടുത്തലുണ്ട്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെക്കൂടി കേസില്‍ പ്രതിചേര്‍ക്കുന്നത്.