കൊല്ലം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. ഇരുവര്‍ക്കും തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പര്‍ 1116-ല്‍ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറില്‍ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സുഭാഷ് ഗോപിയുടേയും ഭാര്യയുടേയും പേര് തൃശൂര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. തൃശൂരില്‍ രണ്ടുപേരും വോട്ട് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. സുഭാഷ് ഗോപി തൃശൂരില്‍ കൊടുത്തത് അച്ഛന്റെ പേരാണ്. എന്നാല്‍ കൊല്ലത്ത് നല്‍കിയത് അമ്മയുടെ പേരാണ്.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസും എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു. തൃശൂരില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിക്കുന്നു. സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശൂരില്‍ വോട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം തൃശൂരില്‍ ആര്‍എസ്എസ് നേതാവിനും ഭാര്യയ്ക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിജെപി പ്രാദേശിക നേതാവ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി, യോഗാ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കെ ആര്‍ ഷാജി, ഭാര്യ സി ദീപ്തി എന്നിവര്‍ക്കാണ്് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇരുവര്‍ക്കും ആലത്തൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. ഇരുവരുടേയും വോട്ട് തൃശൂര്‍ മണ്ഡലത്തിലും ചേര്‍ത്തു എന്നതിന്റെ തെളിവുകളും പുറത്തുവന്നു.
തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ വിവരവും പുറത്തുവന്നത്. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വ്യാജ സത്യവാങ്മൂലം നല്‍കി എന്നാരോപിച്ച് സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടിയും തുടങ്ങിയിട്ടുണ്ട്.