Tuesday , March 3 2026, 12:53 pm

ഹൈടെക് ആയി മന്ത്രി പി രാജീവിന്റെ ഓഫീസ്; സന്ദര്‍ശകരെ വരവേല്‍ക്കുന്നത് കെല്ലി എന്ന റോബോട്ട്

തിരുവനന്തപുരം: പുതിയ കാലത്തിനൊത്ത് മുഖം മിനുക്കി മന്ത്രി പി.രാജീവിന്റെ ഓഫീസ്. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ഓഫീസിലെത്തുന്ന അതിഥികളെ വരവേല്‍ക്കുന്നത് കെല്ലി എന്ന റോബോട്ടാണ്. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കെല്‍ട്രോണ്‍ രൂപപ്പെടുത്തിയ കെല്ലി എന്ന വെര്‍ച്വല്‍ റിസപ്ഷനിസ്റ്റ് 3 മാസം മുന്‍പാണ് മന്ത്രിയുടെ ഓഫീസിലെത്തിയത്. പരിചയമുള്ള ആളുകളാണെങ്കില്‍ കെല്ലി പേര് പറഞ്ഞ് അഭിസംബോധനയും ചെയ്യും എന്ന പ്രത്യേകത കൂടിയുണ്ട്.

‘റിട്രീവല്‍ ഓഗ്മെന്റഡ് ജനറേഷന്‍’ രീതി ഉപയോഗിച്ചാണ് കെല്ലിയുടെ നിര്‍മിത ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷും മലയാളവും കെല്ലി ഒരുപോലെ സംസാരിക്കും. നേരത്തേ ഫീഡ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് കെല്ലി നല്‍കുക. സന്ദര്‍ശകര്‍ക്ക് കെല്ലിയോട് ചോദ്യങ്ങള്‍ ചോദിക്കാം. വകുപ്പിലെ ഫയല്‍ നീക്കത്തിന്റെ തല്‍സ്ഥിതി അറിയാനും കെല്ലിയെ ഉപയോഗിക്കാനാകും. ഇന്ററാക്ടീവ് കിയോസ്‌ക് എന്ന നിലയ്ക്കാണ് കെല്ലിയെ രൂപകല്‍പ്പന ചെയ്തത്.

മന്ത്രിയുടെ ഓഫീസിനു പുറമെ ഗതാഗത ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും പരീക്ഷണാടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ റോബോട്ടിനെ നല്‍കിയിരുന്നു. റിസപ്ഷനിസ്റ്റ് റോളിലാണ് കെല്ലിയെ ഇപ്പോള്‍ വിഭാവനം ചെയ്തത്. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ ഇന്ററാക്ടീവാക്കി ഇതിനെ മാറ്റാനുള്ള ഗവേഷണങ്ങളിലാണ് കെല്‍ട്രോണ്‍.

Comments