Saturday , October 4 2025, 11:55 am

‘വിശപ്പിന് അരി വാങ്ങാന്‍ റേഷന്‍ കടയില്‍ പോയി വിരല്‍ പതിക്കണം, അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ച്തരും’: ഓണ്‍ലൈന്‍ മദ്യ വില്‍പനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള ബവ്‌കോ നിര്‍ദേശത്തിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സര്‍ക്കാരിന്റെ മദ്യനയം ജലരേഖ മാത്രമാണെന്നും സര്‍ക്കാര്‍ നയം തിരുത്തണമെന്നും ബാവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യവിരുദ്ധ പരസ്യങ്ങളെ പരിഹസിച്ച് കൊണ്ടാണ് കത്തോലിക്ക ബാവയുടെ പോസ്റ്റ് തുടങ്ങുന്നത്.

വിശപ്പിന് അരി വാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിപ്പിക്കണം. എന്നാല്‍, മദ്യം വീട്ടുപടിക്കല്‍ എത്തും. ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ ലളിതവല്‍ക്കരിക്കുന്നത് ഭൂഷണം ആണോ എന്നാണ് കാതോലിക്കാ ബാവയുടെ ചോദ്യം. സിപിഐ തന്നെ സര്‍ക്കാരിന്റെ നയത്തെ എതിര്‍ക്കുന്നു. ഈ നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സഭ അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് കേവലം 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയം എന്നത് ജലരേഖയായി മാറുന്നത് ദൈനംദിന വാര്‍ത്തകളിലൂടെ മലയാളി കണ്ടുകൊണ്ടിരിക്കുന്നു. വിശപ്പിന് അരിവാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ച് തരും. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനി മുതല്‍ മദ്യപര്‍ക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകര്‍ക്കാം. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവല്‍ക്കരിച്ച് വീടുകളിലേക്ക് ആനയിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ല’ എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

 

Comments