Saturday , October 4 2025, 1:52 pm

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ വീണ്ടും അനുവാദം ചോദിച്ച് ബവ്‌കോ; സ്വിഗ്ഗി വഴിയും മദ്യം വീട്ടിലെത്തുന്ന സമയം വിദൂരമല്ല

കോട്ടയം: ഇഷ്ടപ്പെട്ട ബ്രാന്റ് ക്യൂ നില്‍ക്കാതെ മൊബൈല്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പോലെ. ഇത്തരമൊരു കാര്യത്തെ കുറിച്ച് സജീവ ചര്‍ച്ചകളിലാണ് ബവ്‌റിജസ് കോര്‍പറേഷന്‍. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ബവ്‌കോ സര്‍ക്കാരിന് ശുപാര്‍ശയും നല്‍കിക്കഴിഞ്ഞു.

ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള ആപ് നിര്‍മ്മാണത്തിലാണ് ബവ്‌കോ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. 3 വര്‍ഷമായി സര്‍ക്കാരിന് ഇതു സംബന്ധിച്ച് ബവ്‌കോ ശുപാര്‍ശ നല്‍കുന്നുണ്ട്. അനുമതി കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുമെന്ന് ബവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

23 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമാകും മദ്യം ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാനാവുക. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരാള്‍ക്ക് ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിന് പരിധി നിശ്ചയിക്കുമെന്നും എംഡി പറഞ്ഞു. ഓണ്‍ലൈന്‍ വിതരണത്തിന് സമ്മതമറിയിച്ച് കൂടുതല്‍ കമ്പനികളെത്തിയാല്‍ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിതരണത്തിന്റെ ഉത്തരവാദിത്തം കമ്പനികള്‍ക്കായിരിക്കുമെന്നും എംഡി കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്ത് ഔട്ട്‌ലെറ്റുകളില്‍ പോയി വാങ്ങുന്ന സംവിധാനം സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു.

Comments