പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടും കര്‍മ്മ പദ്ധതിയുമായി വിദ്യഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാനായി ‘സഹായപ്പെട്ടികള്‍’ സ്ഥാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആലപ്പുഴ ചാരുംമൂടില്‍ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കുട്ടികളെല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരല്ല എന്ന് സൂചിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്.
സുരക്ഷ മിത്രം എന്ന പേരില്‍ സഹായപ്പെട്ടി എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കാനാണ് പൊതുവിദ്യഭ്യാസ വകുപ്പിന്റെ ആലോചന. ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് അധ്യാപകരോടോ രക്ഷിതാക്കളോടോ പരാതികള്‍ പറയാന്‍ പറ്റാത്ത സാഹചര്യമുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രധാന അധ്യാപികയുടെ മുറിയിലാകും പെട്ടി സ്ഥാപിക്കുക. കുട്ടികള്‍ക്ക് പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതികള്‍ സമര്‍പ്പിക്കാം. എല്ലാ ആഴ്ചയിലും പെട്ടി തുറന്നു നോക്കണം. പ്രധാന അധ്യാപകര്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യണം. പരാതി അറിഞ്ഞിട്ടും അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.