തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ). യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറി തുറന്ന് പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമായിരുന്നുവെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. റോസ്‌നാര ബീഗം പറഞ്ഞു. വിഷയത്തില്‍ തങ്ങളുടെ അതൃപ്തി പ്രിന്‍സിപ്പലിനെ അടക്കം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നലെ നടന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ഒരു വ്യക്തത വരുത്തി. ഇനി ഒരു അന്വേഷണം വേണമെന്ന് കരുതുന്നില്ല. നിലവില അന്വേഷണത്തില്‍ ഡോ.ഹാരിസ് വിശദീകരണം നല്‍കുമന്നും ഡോ.റോസ്നാര പറഞ്ഞു. ‘കെജിഎംസിടിഎയുമായി ചര്‍ച്ച നടത്താം എന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കടുത്ത നടപടികള്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളജ് വിഷയത്തില്‍ വേണ്ടത് ക്രിയാത്മകമായ ഇടപെടലാണ്. പര്‍ച്ചേസ് അടക്കം എല്ലാം എച്ച്ഒഡിയുടെ തലയില്‍വെയ്ക്കരുത്. സ്റ്റോര്‍ – പര്‍ച്ചേസ് വിഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണം’, ഡോ. റോസ്നാര പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്നതാണ് വിഷയം. ഡോക്ടര്‍ ഹാരിസ് ആവശ്യത്തില്‍ കൂടുതല്‍ സ്‌ട്രെസ് അനുഭവിച്ചു. ഇത് തുടര്‍ക്കഥ ആകുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഡോക്ടര്‍ ഹാരിസിന്റെ സാന്നിധ്യത്തില്‍ അടുത്തയാഴ്ചയായിരിക്കും ചര്‍ച്ച നടക്കുകയെന്നും ഡോ.റോസ്നാര വ്യക്തമാക്കി.