തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ആരോഗ്യപ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണ് ഇന്ന് പ്രിന്‍സിപ്പല്‍ നടത്തിയ പത്രസമ്മേളനമെന്ന് രൂക്ഷമായ ഭാഷയിലാണ് വി.ഡി സതീഷന്‍ പ്രതികരിച്ചത്. ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തിന്റെ മേല്‍ ഒരു തരി മണ്ണ് വീഴാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീഷന്‍ പറഞ്ഞു.
ആരോഗ്യകേരളം വെന്റിലേറ്ററിലാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. ഒരു രൂപ കൈക്കൂലി വാങ്ങാത്ത, രോഗികള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തില്‍ പ്രതിയാക്കി വേട്ടയാടാന്‍ ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ എന്തുവില കൊടുത്തും തടയുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.