ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിലും വലിയ രീതിയിലുള്ള കൃത്രിമം നടന്നു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പങ്കുണ്ടെന്നുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. 70ഉം 80 ഉം വയസ്സുള്ള ആളുകള്‍ വരെ കന്നിവോട്ടറായി. ചിലരുടെ വോട്ടര്‍ കാര്‍ഡില്‍ പിതാവിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. വീട്ടു നമ്പര്‍ ചേര്‍ക്കേണ്ട ഇടത്ത് പൂജ്യം എന്നാണ് ചേര്‍ത്തിരിക്കുന്നത്. വ്യാജ വിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍ വോട്ടു ചെയ്തു. ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാരുണ്ടായിരുന്നു. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വോട്ട് എന്ന സ്ഥിതി വരെ ഉണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് തെളിവുകള്‍ നിരത്തി രാഹുല്‍ മുന്നോട്ട് വച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ടു മോഷ്ടിക്കുകയാണ് എന്ന ഗുരുതര ആരോപണവും രാഹുല്‍ ഉന്നയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകള്‍ ജയിച്ചത് 33000 വോട്ടുകളില്‍ താഴെ ഭൂരിപക്ഷത്തിനാണ്. മോദിക്ക് അധികാരത്തില്‍ എത്താന്‍ 25 സീറ്റുകളിലെ അട്ടിമറി നടത്തേണ്ടി വന്നിട്ടുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് 5 മണിക്ക് ശേഷം കനത്ത പോളിംങ് നടന്നു. മഹാരാഷ്ട്രയിലെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നശിപ്പിച്ചെന്നും രാഹുല്‍ ആരോപിച്ചു. ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസിന് കമ്മീഷന്‍ വോട്ടര്‍ പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചു. സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ 5 മാസം കൊണ്ട് പുതുതായി ചേര്‍ത്തെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലും ക്രമക്കേട് നടന്നിട്ടുണ്ട്. വ്യാജ വിലാസങ്ങളില്‍ ഇല്ലാത്ത വോട്ടര്‍മാരെ മിക്കയിടങ്ങളിലും തിരുകി കയറ്റിയെന്നും രാഹുല്‍ പറഞ്ഞു. ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ സീറ്റിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നിട്ടുണ്ട്. ബാംഗ്ലൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയത്. ഇത് തിരിമറിയാണെന്നും രാഹുല്‍ ആരോപിച്ചു. ഇതേ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണെന്നും രാഹുല്‍ പറഞ്ഞു.
ഭരണവിരുദ്ധ വികാരം ഇല്ലാത്തതിന് എപ്പോഴും ഒരു കാരണം ഉണ്ടാകുമെന്ന പറഞ്ഞ രാഹുല്‍ പുല്‍വാമയും ഓപ്പറേഷന്‍ സിന്ദൂറും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷനോട് നിങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ളവരല്ല, അതിനെ സംരക്ഷിക്കാനുള്ളവരാണെന്നും രാഹുല്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ കുറ്റകൃത്യമാണ് എന്ന് ഓര്‍മ്മിപ്പിച്ചാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.