താനൂർ: താനൂർ കസ്റ്റഡി കൊലക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. താമിര്‍ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് മര്‍ദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നേരത്തേ ക്രൈംബ്രാഞ്ച് ചുമത്തിയ കൊലപാതക കുറ്റം സിബിഐ ഒഴിവാക്കി. ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥരും താനൂര്‍ മുന്‍ എസ്‌ഐ കൃഷ്ണലാലും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.
താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷാണ് ഒന്നാം പ്രതി. പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, കല്‍പ്പഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും പ്രതികള്‍. ഇവര്‍ക്ക് പുറമേ താനൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ കൃഷ്ണലാലിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകൾ തന്നെയാണ് സിബിഐ റിപ്പോർട്ടിലും. ഉന്നത ഉദ്യോഗസ്ഥരിലേക്ക് സിബിഐ അന്വേഷണം എത്തിയിട്ടില്ല. പഴുതൊരുക്കിയുള്ള കുറ്റപത്രമാണ് സി ബി ഐ സമർപ്പിച്ചതെന്ന ആക്ഷേപവുമായി താമിര്‍ ജിഫ്രിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താനൂര്‍ സ്വദേശി താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡി മര്‍ദ്ദനവും മരണകാരണമായി ആരോപണം ഉയര്‍ന്നു. പൊലീസിനെ കണ്ട് ലഹരി വസ്തുക്കള്‍ താമിര്‍ വിഴുങ്ങിയെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ ലഹരി അമിതമായി ശരീരത്തില്‍ കലര്‍ന്നതും മര്‍ദനവുമാണ് മരണ കാരണമായതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇതോടെ അന്വേഷണം പൊലീസുകാരിലേക്ക് നീണ്ടു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പ്രതിപ്പട്ടികയിൽ അഞ്ച് ഉദ്യോഗസ്ഥര്‍ മാത്രമായി.
ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിര്‍ ജിഫ്രിയുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറിയത്.