കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓഗസ്റ്റ് ഏഴു വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും വിപുലമായ സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.
പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ‘നെയിം ഇന്‍ക്ലൂഷന്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന്, അതത് ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/വാര്‍ഡ് തുടങ്ങഇയവ തിരഞ്ഞെടുക്കണം. തുടര്‍ന്ന് അപേക്ഷകന്റെ പേര്, രക്ഷിതാവിന്റെ പേര്, ലിംഗഭേദം, വിലാസം, പ്രായം എന്നിവ അതത് സ്ഥലങ്ങളില്‍ നല്‍കുക.
തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഫോണ്‍ നമ്പര്‍ മുതലായവയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. അപേക്ഷകന്റെ പേര് മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കണം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ പൂരിപ്പിക്കുമ്പോള്‍, അപേക്ഷകന്‍ തന്റെ കുടുംബാംഗത്തിന്റെയോ ആ പട്ടികയില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ള അടുത്ത അയല്‍ക്കാരന്റേയോ പേരും സീരിയല്‍ നമ്പറും നല്‍കണം. ഫീല്‍ഡുകള്‍ പൂരിപ്പിച്ച ശേഷം ഫോട്ടോ സമര്‍പ്പിക്കണം. ഇതിന് സാധിച്ചില്ലെങ്കിലും അതൊഴിവാക്കി സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ഫോട്ടോ പിന്നീട് ഹിയറിങ്ങിന്റെ സമയത്ത് നല്‍കിയാല്‍ മതിയാകും. തുടര്‍ന്ന് ഫോം നമ്പര്‍ 12ല്‍ ഹിയറിംങ് നോട്ടീസ് ലഭിക്കും. ഇതില്‍ നേരിട്ട് ഹാജരാകേണ്ട സമയം, തീയ്യതി, സ്ഥലം എന്നിവ സൂചിപ്പിച്ചിട്ടുണ്ടാകും. ഇതനുസരിച്ച് പറഞ്ഞ സ്ഥലത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ മുന്‍പാകെ രേഖകള്‍ സഹിതം ഹാജരാകണം.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് മുന്‍പാകെ നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഒപ്പിട്ട് കുടുംബത്തില്‍ ഏതെങ്കിലുമൊരു അംഗം നേരിട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചാല്‍ മതിയാകും. ഇതിനായി സ്വന്തം മെയിലില്‍ നിന്നും ഇലക്ടറല്‍ ഓഫീസര്‍ക്ക് മെയില്‍ ചെയ്യണം. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പരിഗണിക്കും. തെറ്റായ പ്രസ്താവന നടത്തുന്നത് 1994ലെ കെപിആര്‍ ആക്ടിലെ സെക്ഷന്‍ 27 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.