Saturday , October 4 2025, 8:53 am

മുടക്കിയതിന്റെ എത്രയോ ഇരട്ടി ഹൈവേ അതോറിറ്റിക്ക് ലഭിച്ചു; ടോള്‍ നിര്‍ത്തലാക്കണം: വി.എസ് സുനില്‍കുമാര്‍

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനില്‍ കുമാര്‍. ചിലവാക്കിയതിന്റെ എത്രയോ ഇരട്ടി ദേശീയപാത അതോറിറ്റി ഇതിനോടകം നേടിയിട്ടുണ്ട്. നിയമപ്രകാരം, ടോള്‍ കൊടുക്കുമ്പോള്‍ സൗകര്യമുള്ള റോഡിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ യാതൊരു സൗകര്യവുമില്ലാത്ത റോഡില്‍ സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

ടോള്‍ പലതവണയായി വര്‍ധിപ്പിച്ച് ഇപ്പോള്‍ വലിയ തുകയായിട്ടുണ്ട്. യാത്രക്കാരന്റെ സമയത്തിനോ ജീവനോ സുരക്ഷയ്‌ക്കോ വിലയില്ലാത്ത റോഡിന് എന്തിന് ടോള്‍ കൊടുക്കണം. നാലാഴ്ച കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെയുള്ള സഞ്ചാരത്തിന് ടോള്‍ വാങ്ങുന്നത് നിര്‍ത്തലാക്കണമെന്ന് ജില്ലാ ഭരണകൂടം ഉള്‍പ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇത് വകവെക്കുന്നില്ലെന്നും വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞുകൊണ്ട് ഹൈക്കോടതി കുറച്ച് മുന്‍പ് ഉത്തരവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുനില്‍ കുമാര്‍. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിര്‍മ്മാണം നടക്കുന്നത് മൂലം ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിധി.

 

Comments