കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് ഹൈക്കോടതിയുടെ നടപടി. ദേശീയ പാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നത് മൂലം ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അഡ്വ. ഷാജി നല്‍കിയ ഹര്‍ജിയിലാണ് വിധി. നാല് ആഴ്ചത്തേക്ക് ടോള്‍ പിരിക്കരുതെന്നാണ് ഉത്തരവ്.
അടിപ്പാത നിര്‍മ്മാണം നടക്കുന്നതുമൂലം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ കേസ് പഹിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ ഇടക്കാല വിധി പറയുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചിരുന്നു. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ മൂന്നുമാസത്തെ സമയം ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ തകര്‍ന്ന പാതയിലെ ടോള്‍ പിരിവും പ്രശ്‌നമാണ്. പൗരന്മാരാണ് ഇതിന്റെ ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.