കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ ജീവനക്കാര്‍ ബോധമറ്റ നിലയില്‍ നടനെ റൂമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയായി നടന്‍ ചോറ്റാനിക്കരയിലുണ്ടായിരുന്നു. സിനിമയിലെ മുഴുവന്‍ ഭാഗവും അഭിനയിച്ചു തീര്‍ത്തതിന് ശേഷം വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. അതുകൊണ്ടു തന്നെ കലാഭവന്‍ നവാസ് എന്ന പേരും ലഭിച്ചു. 1995ല്‍ ചൈതന്യം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നവാസ് ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, വെട്ടം, എബിസിഡി, മേരാ നാം ഷാജി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ വേഷമിട്ടു. ഡിറ്റക്ടീവ് ഉജ്ജ്വല്‍ ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.
നടനും നാടക കലാകാരനുമായിരുന്ന അബൂബക്കര്‍ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന ആണ് ഭാര്യ. നടന്‍ നിയാസ് ബക്കര്‍ സഹോദരനാണ്. മക്കള്‍ നഹറിന്‍, റിദ്‌വാന്‍, റിഹാന്‍.