Sunday , August 3 2025, 6:18 am

കളറായി സ്‌കൂള്‍ ഭക്ഷണ മെനു; ബിരിയാണിയും പായസവും ഉള്‍പ്പെടെ മെനുവില്‍

തിരുവനന്തപുരം: പഠനത്തിലെ വൈവിധ്യങ്ങളോടൊപ്പം ഭക്ഷണത്തിലും വൈവിധ്യങ്ങളുമായി സംസ്ഥാനത്തെ സ്‌കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനു നിലവില്‍ വന്നു. ബിരിയാണിയും പായസവും ചമ്മന്തിയും ഉള്‍പ്പെടെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയത്. ആഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ മെനു നിലവില്‍ വന്നത്.

കുട്ടികളില്‍ വിളര്‍ച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഭവങ്ങളുള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചത്. ആഴ്ചയില്‍ ഒരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും ഒന്ന് ഉണ്ടാക്കാനാണ് നിര്‍ദേശം. ഇതിനൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവയുടെ ചമ്മന്തിയും നല്‍കണം. മറ്റുള്ള ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറു ധാന്യങ്ങളോ ഉപയോഗിച്ചുള്ള വിഭവവും വേണമെന്നാണ് നിര്‍ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പുതിയ തലമുറയിലെ കുട്ടികളുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ചാണ് മെനു ക്രമീകരിച്ചത്. ബിരിയാണിയും പഴങ്ങളുമെല്ലാം ലഭിച്ചതോടെ കുട്ടികളും ഡബിള്‍ ഹാപ്പി.

അതേസമയം പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 6.78 രൂപയും എട്ടുവരെയുള്ള കുട്ടികള്‍ക്ക് 10.17 രൂപയുമാണ് ഒരുദിവസം ലഭിക്കുക. പുതുക്കിയ ഭക്ഷണ മെനു നിലവില്‍ വന്നതോടെ ജോലിഭാരം കൂടിയതായി പാചകത്തൊഴിലാളികള്‍ പറയുന്നുണ്ട്. 250 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്ന നിലയില്‍ തൊഴിലാളികളെ നിയമിക്കണമെന്നും കൃത്യമായി ശമ്പളം നല്‍കണമെന്നുമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്ന നിലയിലാണ് നിയമനം.

Comments