Saturday , August 2 2025, 1:49 pm

സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിനും ഡോ.ശിവപ്രസാദിനും വിസിമാരുടെ ചുമതല

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സാങ്കേതിക സര്‍വകലാശാലയിലേക്കുമുള്ള താല്‍ക്കാലിക വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലിനെ തള്ളി ഗവര്‍ണര്‍. ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും ഡോ.ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. ആറ് മാസത്തേക്കാണ് നിയമനം. രണ്ട് സര്‍വകലാശാലകളിലും പുതുതായി നിയമിതരായ വിസിമാര്‍ ചുമതലയേറ്റിട്ടുണ്ട്.

ഏറെ നാള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് രണ്ട് സര്‍വകലാശാലകളിലും വിസിമാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായി തള്ളിക്കൊണ്ട് സ്വന്തം ഇഷ്ടപ്രാകരമാണ് ഗവര്‍ണറുടെ നിയമനം. ചുമതലയിലിരിക്കെ ഹൈക്കോടതി വിധി പ്രകാരം പുറത്തുപോകേണ്ടി വന്ന വിസിമാരാണ് സിസ തോമസും ശിവപ്രസാദും. ഇവര്‍ക്ക് തന്നെയാണ് വീണ്ടും ചുമതല നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. നേരത്തേ ചുമതലയില്‍ ഉണ്ടായിരുന്നവര്‍ക്ക് വേണമെങ്കില്‍ വീണ്ടും ചുമതല നല്‍കാമെന്ന പരാമര്‍ശം സുപ്രീംകോടതിയുടെ വിധിയിലുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് അനുസരിച്ചായിരിക്കണം വിസി നിയമനമെന്ന് കോടതി ഇതേ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഊ പരാമര്‍ശം ഇപ്പോഴത്തെ വിസി നിയമനത്തില്‍ പരിഗണിച്ചിട്ടില്ല.

ഡിജിറ്റല്‍ സര്‍വകലാശാല ചട്ടം 13 (7) പ്രകാരവും സാങ്കേതിക സര്‍വകലാശാല ചട്ടം 11 (10) പ്രകാരവും വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പാനല്‍ പ്രകാരമാണെന്ന് പറയുന്നുണ്ട്. മാത്രമല്ല സര്‍വകലാശാല വിസി നിയമനം നടത്തുമ്പോള്‍ നിലവില്‍ ഏതെങ്കിലും സര്‍വകലാശാലകളിലെ വിസിമാരായി ഇരിക്കുന്ന വ്യക്തികളേയാണ് പരിഗണിക്കേണ്ടത് എന്നും പറയുന്നുണ്ട്.

രണ്ട് സര്‍വകലാശാലകളിലേക്കും മൂന്നംഗ പാനലാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതില്‍ സിസ തോമസും ശ്യാംകുമാറും പട്ടികയിലില്ല. ഇതോടെ വിസി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് വീണ്ടും മുറുകുകയാണ്.

Comments