കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കന്യാസ്ത്രീകള്‍ മലയാളികളും സുറിയാനി സഭാംഗങ്ങള്‍ ആയതു കൊണ്ടും കേരളത്തില്‍ ഇത്രവലിയ ചര്‍ച്ചയായി. നിത്യേനയെന്നോണം വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും വിശ്വാസികളും മിഷണറിമാരും ആക്രമിക്കപ്പെടുന്നുണ്ട്. അവര്‍ ദളിതരും ആദിവാസികളും ആയതിനാല്‍ ഇതൊന്നും വാര്‍ത്തയാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിറം കറുത്തതായത് കൊണ്ട് കൂടിയായിരിക്കാം അവരൊക്കെ ആക്രമിക്കപ്പെടുന്നതും വാര്‍ത്തയാവാതിരിക്കുന്നതും. അതിലൊക്കെ സഭാ നേതൃത്തം ഇടപെടാതിരിക്കുന്നതും ഇതൊക്കെ കൊണ്ടുകൂടിയാകും. ഇതിനകത്ത് ജാതിയുടെ പ്രശ്‌നം കിടപ്പുണ്ട്. ഇത്രയെങ്കിലും പ്രതികരിക്കാന്‍ സഭ നേതൃത്വം തയ്യാറായല്ലോ എന്ന് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിഷയത്തോട് പ്രതികരിച്ചത്.
കേവലം ക്രിസ്ത്യാനികളേയോ കത്തോലിക്കരേയോ മാത്രം ബാധിക്കുന്ന വിഷയമല്ലിത്. ഭരണഘടന അനുവദിച്ചു തരുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടം പൗരന്മാരെ വിചാരണ ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയില്‍. നിയമം കയ്യിലെടുക്കുകയാണ് ഒരുകൂട്ടം. നിയമം പാലിക്കേണ്ട പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് ഇതൊക്കെ നടക്കുന്നത്. വിചാരധാരയുടെ അജണ്ട ഇന്നത്തെ ഭാരതത്തില്‍ പ്രത്യക്ഷമായി നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണിത്. കേരളത്തിലെ അവസ്ഥയല്ല വടക്കേ ഇന്ത്യയില്‍. അവിടെ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും സഭാവേഷം ധരിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യം പലയിടത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.