Saturday , August 2 2025, 2:09 am

മനുഷ്യക്കടത്ത് ആരോപണം: മലയാളി കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. ജോലിക്കായി ദുര്‍ഗില്‍ നിന്ന് 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവരാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളിലൊരാളുടെ സഹോദരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കാരെ തേടിയാണ് സിസ്റ്റര്‍മാര്‍ ഛത്തീസ്ഗഡിലെത്തിയത് എന്നാണ് വിശദീകരണം. അതേസമയം തീവ്ര ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദത്തില്‍ പോലീസ് കെട്ടിച്ചമച്ച കേസാണിതെന്നാണ് സിസ്റ്റര്‍മാരുടെ സഭകളില്‍ നിന്നുള്ള ആരോപണം. റെയില്‍വേ സ്റ്റേഷനില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെത്തി മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റര്‍മാരെ തടഞ്ഞുവച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. കുട്ടികളിലൊരാള്‍ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവര്‍ പറഞ്ഞു.

പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാത്തതിന്റെ പേരില്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്ന ഇവരെ റെയില്‍വേ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ട ആളുകളെ വിളിച്ചുവരുത്തിയെന്നാണ് മറുഭാഗത്തിന്റെ വാദം. സിസ്റ്റര്‍മാര്‍ ഇപ്പോള്‍ ദുര്‍ഗിലെ ജയിലിലാണ്. വിവിധ സംഘടനകള്‍ ഇവരുടെ മോചനത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്.

 

Comments