Friday , August 1 2025, 10:49 am

സംസ്ഥാനത്ത് മഴക്കെടുതികളില്‍ 4 മരണം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിലായി വിവിധ അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. ജില്ലയിലെ തന്നെ ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി. ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിക്കും മൂന്നാറില്‍ മണ്ണിടിഞ്ഞ് വീണ് ഒരാളും മരിച്ചു.

കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ മുറിഞ്ഞുവീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.

ശാസ്താംകോട്ടയില്‍ കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. കാലപ്പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. തുടര്‍ച്ചയായ മഴയില്‍ കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. അപകടാവസ്ഥ മുന്നില്‍ കണ്ട് കട തുറക്കാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി.

എറണാകുളത്ത് എടത്തല പഞ്ചായത്തില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു. വീടിനുള്ളിലുണ്ടായിരുന്ന വീട്ടുടമസ്ഥന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്.

Comments