Friday , August 1 2025, 8:10 pm

ഉറുമ്പ് അരികൂട്ടും പോലെ ഓരോന്നായി സംഭരിച്ചു; ഗോവിന്ദച്ചാമിയുടേത് 3വര്‍ഷത്തെ പ്ലാനിങ്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയത് മൂന്നുവര്‍ഷത്തെ പ്ലാനിങിനു ശേഷമെന്ന് പോലീസ്. ഉറുമ്പ് അരി കൂട്ടിവെക്കുംപോലെ ഓരോരോ സാധനങ്ങള്‍ പല സമയത്തായി സെല്ലില്‍ അയാള്‍ സംഭരിച്ചുകൂട്ടി. സെല്ലിന്റെ അഴികള്‍ അറുക്കാനുള്ള ഉപകരണങ്ങള്‍ ഓരോന്നായി സംഘടിപ്പിച്ചു. സെല്ലില്‍ എലിശല്യമെന്ന് പറഞ്ഞ് അഴികള്‍ക്കിടയില്‍ തുണിതിരുകാനുള്ള അനുവാദം നേടി. അങ്ങനെ ഓരോന്നും പ്ലാന്‍ ചെയ്ത് ഒടുവില്‍ 25ാം തിയ്യതി പുലര്‍ച്ചെ ഒരുമണിയോടെ ജയില്‍ചാടി.

പീഡനക്കേസില്‍ ജയിലിലായപ്പോള്‍ പലരും ചോദിച്ച ഒരു ചോദ്യമായിരുന്നു വികലാംഗനായ ഒരാള്‍, അതും ഒറ്റക്കയ്യനായ ഒരാള്‍ക്ക് എങ്ങിനെ ഇത്ര വലിയ ഒരു പാതകം ചെയ്യാനായി എന്നത്. എന്നാല്‍ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലുണ്ട് അതിനുള്ള ഉത്തരങ്ങള്‍. ആറ് അഴികള്‍ വിദഗ്ദമായി അറുത്ത് മാറ്റിയാണ് അയാള്‍ സെല്ലിന്റെ പുറത്ത് കടന്നത്. പുലര്‍ച്ചെ ഒരുമണിക്ക് ശേഷം സെല്ലിന്റെ പുറത്ത് കടന്ന അയാള്‍ ആദ്യം പത്താം നമ്പര്‍ ബ്ലോക്കിന്റെ മതിലു ചാടിക്കടന്നു. ശേഷം പുറത്തേക്കുള്ള മതിലെന്ന് കരുതി ക്വാറന്റീന്‍ ബ്ലോക്കിന്റെ മതിലുചാടി. അബദ്ധം മനസ്സിലാക്കിയപ്പോള്‍ തിരിച്ചു ചാട്ടം. കൂടെ വലിയ മതില്‍ ചാടാനുള്ള വടമുണ്ടാക്കാനായി ക്വാറന്റീന്‍ ബ്ലോക്കില്‍ നിന്നും പുതപ്പുകളും ശേഖരിച്ചു. ഇതിനു ശേഷം മൂന്നുമണിക്കൂര്‍ സമയമെടുത്താണ് ജയിലിന്റെ പുറത്തേക്കുള്ള മതില്‍ ചാടിക്കടന്നത്. തടവുകാരുടെ വസ്ത്രം കൂട്ടിക്കെട്ടി വലിയ വടമുണ്ടാക്കിയാണ് രക്ഷപ്പെട്ടത്. ഇതെല്ലാം ഗോവിന്ദച്ചാമിയുടെ കായിക ബലത്തേയും ആരോഗ്യത്തേയും സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഒരാള്‍ എന്തിന് ശ്രമിക്കുന്നോ അപ്പോള്‍ ലോകം മുഴുവന്‍ അയാള്‍ക്ക് വേണ്ടി നിലകൊള്ളും എന്ന ചൊല്ല് പോലെയാണ് ഗോവിന്ദച്ചാമിയുടെ ജയിലുചാട്ടവും. അന്നുരാത്രി അയാള്‍ക്കായി രാത്രിയില്‍ സെല്ലിലെ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചില്ല. സിസിടിവി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ രാത്രി ദൃശ്യങ്ങള്‍ നിരീക്ഷിച്ചില്ല. പുറം മതിലിലെ ഇലക്ടിക് ഫെന്‍സിങ് പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. മതിലിനു മുകളില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിങ് ഒരു വര്‍ഷത്തിലേറെയായി കേടായിരിക്കയാണ്. ഫെന്‍സിങ് വച്ച ഉടന്‍തന്നെ കേടായിരുന്നു. എല്ലാം ഗോവിന്ദച്ചാമിക്ക് അനുകൂലം. ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട ജയില്‍ ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇത്തരം ഗുരുതര വീഴ്ചകള്‍ അക്കമിട്ട് പറയുന്നുണ്ട്. ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍.

ഇതിനൊക്കെപ്പുറമെ താങ്ങാവുന്നതിനും അപ്പുറം തടവുകാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട് എന്നതും ഗോവിന്ദച്ചാമിക്ക് മറ്റൊരു തരത്തില്‍ അനുഗ്രഹമായിട്ടുണ്ട്. കണ്ണൂരില്‍ 948 ആളുകളെയാണ് പാര്‍പ്പിക്കാനാകുക. എന്നാല്‍ ഉള്ളതാകട്ടെ 1113 പേര്‍. പൂജപ്പുരയില്‍ 727 പാര്‍പ്പിക്കാവുന്നിടത്ത് നിലവിലുള്ളത് 1589 പേര്‍. വിയ്യൂരില്‍ ശേഷിയേക്കാള്‍ 600 പേര്‍ കൂടുതലാണ്. തവനൂരില്‍ 160 പേര്‍ കൂടുതലായുണ്ട്. കേരളത്തിലെ എല്ലാ ജയിലുകളിലും കൂടി 7828 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ നിലവിലുള്ളത് 10375 തടവുകാരാണ്. ഇതിനു പുറമെ മതിയായ ഉദ്യോഗസ്ഥരുടെ ക്ഷാമവും വലിയ വെല്ലുവിളിയാണ്.

Comments