തൃശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഗോവിന്ദച്ചാമി ഇനി കഴിയുക ഇന്ത്യയിലെ അതീവ സുരക്ഷ ജയിലുകളിലൊന്നായ വിയ്യൂരില്‍. കൊടുംകുറ്റവാളികളുടെ ഇടമെന്ന് വിശേഷിപ്പിക്കുന്ന വിയ്യൂരില്‍ ഭക്ഷണം കഴിക്കാന്‍ പോലും ഗോവിന്ദച്ചാമിയെ പുറത്ത് വിടില്ല. ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ താമസിപ്പിക്കുക. തടവുകാരുമായി പരസ്പരം ആശയവിനിമയം നടത്താനോ പുറത്തിറങ്ങാനോ ഗോവിന്ദച്ചാമിക്ക് കഴിയില്ല.
സര്‍ക്കാര്‍ കണക്കനുസരിച്ച് 125 കൊടുംകുറ്റവാളികള്‍ ഈ ജയിലില്‍ താമസിക്കുന്നുണ്ട്. 17 ജയിലുകള്‍ അടങ്ങുന്ന സെന്‍ട്രല്‍ സോണിലെ ഏറ്റവും പ്രധാന ജയിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. തടവുകാരെ പാര്‍പ്പിക്കാനായി നാലു ബ്ലോക്കുകളിലായി 44 സെല്ലുകളുണ്ട്. 523 പേരെ താമസിപ്പിക്കാനുള്ള ശേഷിയെ ജയിലിനുള്ളൂ. എന്നാല്‍ നിലവില്‍ എഴുന്നൂറിനടുത്ത് തടവുകാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ആറു തടവുകാര്‍ക്ക് ഒരു വാര്‍ഡന്‍ എന്നതാണ് വിയ്യൂരിലെ നിയമം.
ഒന്‍പതര ഏക്കറില്‍ 730 മീറ്റര്‍ ചുറ്റളവിലുള്ള മതില്‍ക്കെട്ടിനകത്താണ് ജയില്‍. മതിലില്‍ നിന്ന് 50 മീറ്റര്‍ അകലത്തിലാണ് ജയില്‍ കെട്ടിടം. ശുചിമുറികളും നിരീക്ഷണ ക്യാമറകളും സെല്ലുകളിലുണ്ട്. തടവുകാരെ പുറത്തിറക്കാതെ കോടതി വിചാരണകള്‍ പോലും വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്താനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ടെലിമെഡിസിന്‍ സംവിധാനവും ജയിലില്‍ ലഭ്യമാകും. ഇത്തരത്തില്‍ തടവുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം തടവിലിടുന്ന സ്ഥലമാണ് വിയ്യൂര്‍. ഇവിടേക്കാണ് ഇപ്പോള്‍ ഗോവിന്ദച്ചാമിയെ എത്തിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ ഇയാളെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.