Saturday , August 2 2025, 2:13 am

മലയാളിയുടെ വിപ്ളവ നൊസ്റ്റാൾജിയ വി എസ്

ജെയ്ക് തോമസ്

1964 ഒക്ടോബർ അവസാനം കൽക്കത്തയിൽ അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏഴാം പാർട്ടി കോൺഗ്രസ് ചേർന്നു .ജനകീയ ജനാധിപത്യവിപ്ളവം പ്രവർത്തനവഴിയായി നിശ്ചയിച്ചു .

ദേശീയ ജനാധിപത്യം പറഞ്ഞ സി. പി. ഐ ക്കാരെ തള്ളി .പാർട്ടി രണ്ടായി . തൊഴിലാളിവർഗത്തിന് മേൽക്കൈയ്യുള്ള ജനാധിപത്യവിപ്ളവമെന്നാണ് വിശദീകരണം .എന്നു വെച്ചാൽ ഒറിജിനൽ വിപ്ളവം പിന്നെ.അതിലേക്കുള്ള ഇടത്താവളം ബൂർഷ ജനാധിപത്യമാർഗം.ഇടത്താവളത്തിൽ കുടുങ്ങിയ സി. പി.എം പിന്നെ പുറത്ത് കടന്നില്ല. ആശയം അട്ടത്തായി. ഭരണം പിടിക്കലായി മുഖ്യ അജണ്ട .പിന്നെ പാർട്ടി പിടിക്കലായി.

അങ്ങനെ വിപ്ളവം സഖാക്കളുടെ ഒരു കാൽപ്പനിക സ്വപ്നം മാത്രമായി.

ഈ സ്വപ്നത്തിനൊരു ആൾരൂപം സഖാക്കൾ കണ്ടെത്തിയത് വി എസിലായിരുന്നു . വിപ്ളവമുദ്രാവാക്യങ്ങൾ വിളിക്കാൻ മുന്നിലൊരു ആൾ രൂപം .സമരവഴികളുടെ ഉൾവിളികൾ ഇപ്പോഴും കൊണ്ടു നടക്കുന്ന തലമുറയുടെ വിപ്ളവ നൊസ്റ്റാൾജിയായിരുന്നു വി എസ് .സ്വാതന്ത്ര്യത്തിനും മുന്നേ തുടങ്ങി ആധുനികമെന്ന് തെറ്റിദ്ധരിക്കുന്ന പുത്തൻ കേരളത്തിൻ്റെ ഭരണപങ്കാളിത്തം വരെ കയ്യാളിയ വിഎസിൻ്റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലം മലയാളിയുടെ വിപ്ളവനൊസ്റ്റാൾജിയയെ ആവും വിധം പൂരിപ്പിക്കുന്നതുമായി.

തമ്പ്രാൻ ഞെരിച്ചാൽ ഞെട്ടറ്റു വീഴുന്ന പൂവിലെ പൂഴുവല്ല വിപ്ളവമെന്നാണ് വി എസ് സ്മരണയിൽ സഖാക്കൾ തൊണ്ട പൊട്ടിയത്. സമരം, വിപ്ളവം തുടങ്ങിയ പ്രയോഗങ്ങളുടെ ധാരാളിത്തവും ഉയർന്നു പൊങ്ങി.ഏറെക്കാലമായി കേൾക്കാതിരുന്ന പദപ്രയോഗങ്ങൾ . പാർട്ടി ശരീരത്തിൽ നിന്ന് വിപ്ളവ സങ്കൽപ്പം എന്നോ നാടുനീങ്ങിയിരുന്നു. സമരം മറന്ന പാർട്ടി നേതത്വത്തിനോടുള്ള സഖാക്കളുടെ കലാപവും കൂടിയായി വി എസിൻ്റെ അന്ത്യയാത്ര.

അവസാന കമ്മ്യൂണിസ്റ്റെന്ന മാധ്യമപരികൽപ്പന അങ്ങനെയാണുണ്ടായത്.

1964 ന് ശേഷം നക്സൽബാരിയിൽ പോലും പരീക്ഷിച്ചു പരാജയപ്പെട്ടതായിരുന്നു സായുധ വിപ്ളവമാർഗം. സമരം ചെയ്യാൻ മറന്നവരാവട്ടെ പാർട്ടി തലോടലില്ലാതെ രൂപപ്പെടുന്ന ഏത് ജനകീയ മുന്നേറ്റത്തെയും അപഹസിക്കാനും പഠിച്ചു കഴിഞ്ഞു. ഭരണവും സമരവുമെന്ന ഇ.എം.എസ് ലൈനും ഇല്ലാതായി. ജീവനോപാധികൾ ചോദിക്കുന്ന അധ:സ്ഥിതരോട് നിങ്ങൾ കേന്ദ്രത്തോട് സമരം ചെയ്യുവെന്ന് പറയുന്നിടം വരെ .

അപ്പോഴും കമ്മ്യൂണിസ്റ്റ് കാൽപ്പനിക മുദ്രാവാകങ്ങളിൽ അഭിരമിച്ചു പോയ ഒരു ജനസഞ്ചയത്തിൻ്റെ ആഗ്രഹപ്രകടനങ്ങളായിരുന്നു വി എസ് കേന്ദ്രീകൃതമായത്.

പൊതുബോധത്തിൽ നിന്ന് വിപ്ളവ സങ്കൽപ്പങ്ങളുടെ അവസാന ഐക്കണും യാത്രയാവുന്നതിൻ്റെ ആധിയും ചേർത്ത് വായിക്കാം.

ഇതിനെയാണ് പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകൾ പിണറായി വിരുദ്ധമെന്ന അതിലളിതമായ യുക്തിയിലെത്തിച്ചത്. പാർട്ടി ഒന്നാകെ നേരിടുന്ന കമ്മ്യൂണിസ്റ്റ് നിരക്ഷരതയുടെ ഏറ്റവും വികലമായ പ്രകടനമായി ഇതിനെ വിശേഷിപ്പിക്കാം. കൊടിയ മർദ്ദനത്തിൽ മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിച്ച ചാരു മജുംദാരെ ജീവൻ്റെ പിടപ്പ് തിരിച്ചറിഞ്ഞ് ആരോ തിരിച്ചെടുക്കുകയായിരുന്നു. സമാനമായൊരു യാതനയിലൂടെ വി എസും കടന്നു പോയിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് വിപ്ളവസങ്കൽപ്പങ്ങളുടെ ബോധ്യവും പ്രയോഗവും പരാജയമായിരുന്നുവെന്ന അനുഭവസാക്ഷ്യമാണ് ഇരുവരും .

ചേക്കേറാനും ചുറ്റിലും തിക്കിത്തിരക്കാനും സാധ്യമായ ഒരു കമ്മ്യൂണിസ്റ്റ് ഐക്കൺ നവോത്ഥാന മലയാളിക്ക് കൈമോശം വരുന്നതാണ് വി എസിൻ്റെ മരണം. അതിനെ അനുഭാവപൂർവം പരിഗണിക്കാനും അംഗീകരിക്കാനും പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റ്കൾ തയ്യാറാവണം.

 

Comments