Saturday , August 2 2025, 4:24 am

ശുഭാംശു ശുക്ലയുടെ ജീവിതം എന്‍സിഇആര്‍ടി സിലബസില്‍

ന്യൂഡല്‍ഹി: ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിഞ്ഞ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി ലഭിച്ച ഇന്ത്യന്‍ സേനയിലെ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല ഇനി എന്‍സിഇആര്‍ടി സിലബസിലെ പാഠ്യവിഷയം. അദ്ദേഹത്തിന്റെ ജീവചരിത്രത്തോടൊപ്പം ബഹിരാകാശത്ത് നിന്ന് ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും അഞ്ചാംക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും.

പരിസ്ഥിതി പഠനം (ഇ.വി.എസ്) പുസ്തകത്തിന്റെ ‘ഭൂമി,നാം പങ്കിടുന്ന വീട്’ എന്ന അധ്യായത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്. പ്രധാനമന്ത്രിയോട് ബഹിരാകാശ നിലയത്തില്‍ വച്ച് സംസാരിക്കവേ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് അധ്യായത്തിലുള്ളത്. ‘ ഭൂമിയെ പുറത്ത് നിന്ന് കണ്ടപ്പോള്‍ ആദ്യം മനസ്സിലെത്തിയ ചിന്ത അതിര്‍ത്തികളില്ലാതെ കിടക്കുന്ന ഒരൊറ്റ ഇടമാണ് ഭൂമി മുഴുവനെന്നാണ്. ഭൂമിയിലേക്ക് നോക്കുമ്പോള്‍ ഒരതിര്‍ത്തികളുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല. നമ്മളെല്ലാം മനുഷ്യകുലത്തിന്റെ ഭാഗമാണ്. ഭൂമി നമ്മുടെ വീടും നമ്മളെല്ലാം അതിന്റെ ഭാഗവും’. ശുഭാംശുവിന്റെ ഈ നിരീക്ഷണങ്ങളാണ് പാഠ്യഭാഗത്തുള്ളത്. കുഞ്ഞു മനസ്സുകളെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ചിന്തിപ്പിക്കാനും ഒരുമയെക്കുറിച്ചുള്ള ചിന്തകള്‍ ശക്തിപ്പെടുത്താനും വേണ്ടിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ പാഠ്യവിഷയമാകുന്നത്.

ആക്‌സിയോം-4 മിഷന്റെ ഭാഗമായി ശുഭാംശു ശുക്ല 18 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ തങ്ങിയത്. മിഷന്‍ പൈലറ്റായിരുന്ന അദ്ദേഹം വിവിധ ഗവേഷണങ്ങളും ഇന്ത്യയ്ക്കായി ബഹിരാകാശ നിലയത്തില്‍ വച്ച് നടത്തിയിരുന്നു.

Comments