സൈബര്‍ ആക്രമണത്തില്‍ പതറി ആഗോള ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ള ഓണ്‍-പ്രെമിസ് ഷെയര്‍പോയിന്റ് സെര്‍വറുകള്‍ക്ക് (Microsoft Share Point Server) നേരേയാണ് ‘സീറോ-ഡേ’ ആക്രമണമുണ്ടായതായി കമ്പനി കണ്ടെത്തിയത്. ഉപഭോക്താക്കളോട് ജാഗ്രതയോടെ ഇരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ക്കുള്ളില്‍ രേഖകള്‍ പങ്കിടാനായി ഉപയോഗിക്കുന്ന സെര്‍വര്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് നേരെ സൈബറാക്രമണം നടക്കുന്നുണ്ടെന്ന് കമ്പനി തന്നെയാണ് വ്യക്തമാക്കിയത്. ഉപഭോക്താക്കള്‍ അടിയന്തിരമായി സുരക്ഷ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ഷെയര്‍ പോയിന്റ് സെര്‍വര്‍ എന്നത് കമ്പനി വികസിപ്പിച്ചെടുത്ത ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ്. ഇത് പ്രധാനമായും ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഫയലുകളും വിവരങ്ങളും അനുബന്ധ രേഖകളും പങ്കിടാനും ടീമായി പ്രവര്‍ത്തിക്കാനും പ്രോജക്ടുകള്‍ കൈകാര്യം ചെയ്യാനുമുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമാണ്. മോക്രോസോഫ്റ്റ് 365 ക്ലൗഡ് സേവനമായ ഷെയര്‍ പോയിന്റ് ഓണ്‍ലൈന്‍ സേവനത്തെ സൈബറാക്രമണം ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഏജന്‍സികളേയും വാണിജ്യ സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നതായി വാഷിങ്ടന്‍ പോസ്റ്റ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് സെര്‍വറുകള്‍ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വലിയ രീതിയിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഇതുവഴി നടത്താമെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ദരുടെ മുന്നറിയിപ്പ്.
CV-2025-53770 എന്ന കോഡിലാണ് പുതിയ പ്രതിസന്ധി രേഖപ്പെടുത്തിയിട്ടുള്ളത്. ഹാക്കര്‍ നെറ്റ്‌വര്‍ക്ക് വഴി ഷെയര്‍പോയിന്റ് സെര്‍വറില്‍ കയറി റിമോട്ടായി കോഡ് പ്രവര്‍ത്തിപ്പിക്കുന്നതാണ് രീതി. പിന്നീട് സെര്‍വറിന്റെ പൂര്‍ണ നിയന്ത്രണം ഹാക്കറുടെ കൈകളിലാകും.