Friday , August 1 2025, 10:59 am

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യു.എസ് അവകാശവാദങ്ങള്‍, ബീഹാറിലെ വോട്ടര്‍ പട്ടിക വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന നിലപാടിലാണ് ഇന്ത്യസഖ്യം. ഇതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്കാകും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സാക്ഷിയാകുക.

ഓഗസ്റ്റ് 21 വരെയാണ് സമ്മേളനം. 21 ദിവസം ചേരുന്ന സമ്മേളനത്തില്‍ എട്ട് പുതിയ ബില്ലുകള്‍ കൂടി സഭയില്‍ അവതരിപ്പിക്കും.
പ്രധാനവിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ വാഗ്ദാനം പ്രതിപക്ഷം മുഖവിലയ്ക്കെടുത്തിട്ടില്ല. ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കും. പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ വിശദീകരണങ്ങളിലേക്ക് മാത്രം ഒതുക്കാതെ പ്രധാനമന്ത്രി തന്നെ ഈ വിഷയങ്ങളില്‍ പ്രതികരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാക്കള്‍. 7തുസംബന്ധിച്ച് ഇന്ത്യ സഖ്യ നേതാക്കള്‍ തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.

ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കലും ഇത് രാജ്യവ്യാപകമാക്കാനുള്ള നീക്കവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. ജമ്മു-കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യവും സഭയില്‍ ഉന്നയിക്കും.
അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനദുരന്തവുമായി ബന്ധപ്പെട്ടും പ്രതിപക്ഷം സര്‍ക്കാരില്‍നിന്ന് വ്യക്തത തേടും. പഹല്‍ഗാം ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ചകള്‍, ബീഹാറിലെ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവനനടത്തണമെന്ന് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

Comments