ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍ പാലം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മികച്ച എഞ്ചിനീയറിങ് വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന പാലം ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജമ്മു, ശ്രീനഗര്‍ റെയില്‍വേ ലൈനില്‍ നിര്‍മ്മിച്ച പാലം, സീസ്മിക് സോണ്‍ 5 ല്‍ വരുന്ന മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനെ പോലും നേരിടാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും പറയപ്പെടുന്നു.
ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ കമാന പാലമായി കണക്കാക്കപ്പെടുന്നു. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി 2002ലാണ് ചെനാബ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2022 ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയായി. ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെനാബ് പാലം 1,315 മീറ്ററോളം നീണ്ടുകിടക്കുന്നു. കഠിനമായ ഹിമാലയന്‍ കാലാവസ്ഥയെയും ഭൂകമ്പ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ കഴിയുമെന്നും അവകാശവാദമുണ്ട്. ഈ പാലം നിര്‍മിക്കാന്‍ ഏകദേശം 30,000 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചു.