Friday , June 27 2025, 1:50 am

പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദനമേറ്റത്. തലക്കും കണ്ണിനും പരിക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂള്‍ പരിസരത്താണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്.

നേരത്തേയുണ്ടായ പ്രശ്‌നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ താമസം വരുത്തിയെന്ന് കാണിച്ച് മാതാവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളില്‍ ചെറിയൊരു അടിപിടി ഉണ്ടായെന്നും മകന് മറ്റൊരു വസ്ത്രവുമായി സ്‌കൂളിലേക്ക് എത്തണമെന്ന് മാത്രമാണ് അധികൃതര്‍ അറിയിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

അതേസമയം, അധ്യാപകരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തതായും ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

Comments