Thursday , June 26 2025, 5:33 pm

സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കും; പനിയുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ചവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവായാല്‍ ആര്‍.ടി-പി.സി.ആര്‍ ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ 1435 കോവിഡ് രോഗികളാണ് നിലവില്‍ ഉള്ളത്. ഇതുവരെ എട്ട് മരണമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളതും കേരളത്തിലാണ്. അതേസമയം, സംസ്ഥാനത്ത് രോഗം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് കേസുകള്‍ ഉയരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഈ വകഭേദം തീവ്രമാകാത്തതാണെന്നും മന്ത്രി അറിയിച്ചു. മറ്റു രോഗങ്ങളുള്ളവര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. കോവിഡ് കേസുകള്‍ എപ്പോഴും കേരളത്തില്‍ കൂടുതല്‍ കാണുന്നത് നമ്മള്‍ ടെസ്റ്റ് ചെയ്യുന്നത് കൊണ്ടും ആ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതും കൊണ്ടാണ്. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണ്.”- മന്ത്രി പറഞ്ഞു.

 

Comments