കല്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം നാളെ മുതല്‍(തിങ്കള്‍) പുതിയ ക്ലാസ് മുറികളില്‍. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ(ബി.എ.ഐ)മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ നിര്മിച്ചുകൈമാറി കെട്ടിടത്തിലെ മുറികളിലാണ് ഇനി ക്ലാസുകള്‍ നടക്കുക. ഉരുള്‍ ദുരന്തത്തിനുശേഷം വെള്ളാര്‍മല സ്കൂള്‍ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്.
ബി.എ.ഐ എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമുള്ള കെട്ടിടമാണ് വിദ്യാലയത്തിന് നിര്‍മിച്ചുനല്‍കിയത്. സ്കൂളിന് കൈമാറുന്നതിന് നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിര്‍മാണം ബി.എ.ഐ ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും.
വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 460 ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 90 ഉം വിദ്യാര്‍ഥികളാണുള്ളത്. ആകെ 21 ഡിവിഷനുകളുണ്ട്.
തിങ്കഴാഴ്ച രാവിലെ 10ന് ബി.എ.ഐ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് ബാന്‍ഡ്മേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ സ്വീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളിലെ അധ്യാപകരെ ബി.എ.ഐയുടെ നേതൃത്വത്തില്‍ ആദരിക്കും. മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടത്തുന്ന ചടങ്ങ് ബി.എ.ഐ ദേശീയ വൈസ് പ്രസിഡന്റ് എന്‍.രഘുനാഥന് ഉദ്ഘാടനം ചെയ്യും.
ബി.എ.ഐ സംസ്ഥാന ചെയര്മാന് കെ.എ.ജോണ്സണ്, മുന്‍ ചെയര്മാന് സുരേഷ് പൊറ്റെക്കാട്ട്, സെക്രട്ടറി സൈജന് കുര്യാക്കോസ് ഓലിയാപ്പുറം, ട്രഷറര്‍ കെ.സതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, പ്രിന്‍സിപ്പല്‍ ഭവ്യലാല്‍, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് വി.ഉണ്ണിക്കൃഷ്ണന്, പി.എം.ശ്രീജിത്ത്, മേപ്പാടി പഞ്ചായത്ത് അംഗം സി.കെ.നൂറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട് ലക്ഷം രൂപ ചെലവില്‍ സ്കൂളില്‍ രണ്ട് വാട്ടര്‍ പ്യൂരിഫയറും പബ്ലിക് അഡ്രസ് സിസ്റ്റവും ബി.എ.ഐയുടെ നേതൃത്വത്തില്‍ നാളെ ഒരുക്കും.