തിരവനന്തപുരം: കേരള തീരങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. അഞ്ച് ജില്ലകളിലെ തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം , കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തീരപ്രദേശങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം 5.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.