Friday , June 27 2025, 1:40 am

തെലുങ്കില്‍ തിളങ്ങി ദുല്‍ഖര്‍; നേടിയത് തെലുങ്കാന സര്‍ക്കാരിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

തെലുങ്കാന സര്‍ക്കാരിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്. ഇതാദ്യമായാണ് മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയില്‍ ഇത്രയും വലിയ അംഗീകാരം ലഭിക്കുന്നത്.

2024ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഇവയില്‍ നാല് അവാര്‍ഡുകളാണ് ലക്കി ബാസ്‌കര്‍ സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിന് ലഭിച്ചത്. മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലൂടെ നവീന്‍ നൂലി നേടിയപ്പോള്‍, മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വെങ്കി അറ്റ്‌ലൂരിയാണ്.

തിയേറ്ററുകളില്‍ വന്‍ ഹിറ്റായ ചിത്രം പിന്നീട് ഒ.ടി.ടിയിലും അതേ നേട്ടം ആവര്‍ത്തിച്ച് പാന്‍ ഇന്ത്യന്‍ ബ്ലാക്ക്ബസ്റ്ററായി മാറി. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992ല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിച്ചത്.

 

Comments