മലപ്പുറം: കൂരിയാട് ദേശീയപാത നിര്‍മാണത്തില്‍ കമ്പനിക്ക് വന്‍ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ധ സമിതി. ഇടിഞ്ഞ ഭാഗത്തെ റോഡ് ഒരു കിലോമീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡ് ഇടിഞ്ഞ ഭാഗം ഗതാഗത യോഗ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രദേശത്തെ മണ്ണ് പരിശോധനയടക്കം കൃത്യമായി നടന്നില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തി. നെല്‍ പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നിട്ടില്ലെന്നും ഡിസൈനില്‍ വന്‍ തകരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂരിയാട് ദേശീയപാതയില്‍ ഇന്ന് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നത്.
കനത്ത മഴയെ തുടര്‍ന്ന് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ പെയ്തതിന് പിന്നാലെയാണ് സംരക്ഷണ ഭിത്തി തകര്‍ന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന് താഴെയുള്ള മണ്ണ് കൂടുതല്‍ തെന്നി നീങ്ങിയ അവസ്ഥയിലാണ്. റോഡ് പൂര്‍ണമായും അപകടാവസ്ഥയിലാണെന്നും പൊളിച്ച് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
DeToor reflective wanderings…