കല്‍പറ്റ: കള്ളാടി-ആനക്കാംപൊയില്‍ നാലുവരി തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നല്‍കിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും നേടിയതാണ് അനുമതിയെന്ന് സമിതി പ്രസിഡന്റ് എന്‍.ബാദുഷ ആരോപിച്ചു. തുരങ്കപാത നിര്‍മാണം തടയുന്നതിന് ഇടപെടല്‍ തേടി ദേശീയ ഹരിത ട്രൈബ്യൂണലിലോ ഹൈക്കോടതിയിലോ ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
വലിയ തോതിലുള്ള വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതി. കോട്ടപ്പടി, വെള്ളരിമല, തിരുവമ്പാടി, ജീരകപ്പാറ വില്ലേജുകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയാണ് 8.7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തുരങ്കം നിര്‍മിക്കേണ്ടത്. ആകെ 51. 370 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം. ഇതില്‍ 34.304 ഹെക്ടര്‍ വനമാണ്. തുരങ്കപാതയ്ക്കു ഉപയോഗപ്പെടുത്തേണ്ട സ്ഥലത്തിനു സമീപമാണ് 2024 ജൂലൈ 30ന് ഉരുള്‍പൊട്ടിയ പുഞ്ചിരിമട്ടം. 1960 മുതല്‍ ഈ ഭൂപ്രദേശത്ത് നിരവധി തവണ ഉരുള്‍ പൊട്ടിയിട്ടുണ്ട്. 1984ലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 17 പേരുടെ ജീവനെടുത്തു. 2019ലും 2020ലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. വിനാശകരമായ ഉരുള്‍ പൊട്ടല്‍ ഉണ്ടായ കവളപ്പാറയും പാതാറും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്താണ്. നിര്‍ദിഷ്ട പാതയില്‍നിന്നു ഏകദേശം 0.85 കിലോമീറ്റര്‍ അകലെയാണ് മുമ്പ് ഉരുള്‍പൊട്ടിയ പുത്തുമല.
ഇവയൊക്കെ പദ്ധതി പ്രദേശത്തിന്റെ ദുര്‍ബലതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തുരങ്കപാത കടന്നുപോകേണ്ട പര്‍വതപ്രദേശങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതടക്കം ജൈവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ്. പരിസ്ഥിതിയിലും പരിസ്ഥിതി സുസ്ഥിരത ഉറപ്പുനല്‍കുന്ന സമൂഹത്തിലും പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, വയനാട്ടിലെ വെള്ളരിമല വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. വയനാട്ടിലും കോഴിക്കോട് ജില്ലയിലുമായി 32 പട്ടികവര്‍ഗ ഉന്നതികള്‍ നിര്‍ദിഷ്ട തുരങ്കപാതയ്ക്കു സമീപത്തുണ്ട്.
തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍നിന്നു പദ്ധതിക്കുവേണ്ടി സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയത്.
വനം വകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചശേഷം സ്റ്റേറ്റ് ഇക്കോളജി അസസ്മെന്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച രേഖകളില്‍ വൈരുധ്യം പ്രകടമാണ്. ഉയര്‍ന്ന പാരസ്ഥിതിക സംവേദനമുള്ള മേഖലയിലൂടെയാണ് തുരങ്കം കടന്നുപോകേണ്ടത്. പാതയുടെ സമീപമുളള പ്രദേശങ്ങള്‍ അപകടമേഖലയാണ്. തിരുവമ്പാടി പഞ്ചായത്തിലെ 35.67 ശതമാനം പ്രദേശം അസ്ഥിരവും 26.5 ശതമാനം ഉയര്‍ന്ന അസ്ഥിരവും 0.96 ശതമാനം ഗുരുതര അസ്ഥിരവും ആണ്. ഇക്കാര്യങ്ങള്‍ അസസ്മെന്റ് കമ്മിറ്റി കണ്ടെത്തിയതാണ്. വിദഗ്ധ സമിതി നടത്തിയ വിലയിരുത്തല്‍ പ്രക്രിയയില്‍ സമര്‍പ്പിച്ച നിര്‍ണായക രേഖയായ
ഫോം ഒന്നില്‍ അംഗീകാരം ലഭിക്കുന്നതിന് വനഭൂമിയെക്കുറിച്ചടക്കം തെറ്റായ വിവരമാണ് നല്‍കിയത്. പ്രോജക്ട് എരിയയുടെ ഏതെങ്കിലും ഭാഗം പ്രൊട്ടക്റ്റഡ് ഏരിയയിലോ ഇക്കോ സെന്‍സിറ്റീവ് സോണിലോ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് അല്ല എന്ന തെറ്റായ മറുപടിയാണ് കൊടുത്തത്. വനാവകശ നിയമപ്രകാരം അവകാശങ്ങള്‍ നല്‍കാനുണ്ടോ, വനവകാശം പ്രോജക്ടിന് വിട്ടുകൊടുക്കുന്ന ഭൂമിയില്‍ പൂര്‍ത്തികരിക്കാനുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് ഇല്ല എന്നായിരുന്നു ഉത്തരം.
പദ്ധതി പ്രദേശത്ത് ആദിവാസി ഇതര സ്വകാര്യ ഭൂമിയില്‍ 17.53 ഹെക്ടറില്‍ നഷ്ടപരിഹാര വനവത്കരണത്തിന് കണ്ടെത്തിയ സ്ഥലം റീബില്‍ഡ് കേരള സ്‌കീമിലെ നവകിരണം പദ്ധതിയില്‍ വനം വകുപ്പ് ഏറ്റെടുത്തതാണ്. വനവത്കരണം സ്വകാര്യ ഭൂമിയിലേ ചെയ്യാവൂ എന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട മണല്‍വയലില്‍ 1.27 ഹെക്ടര്‍, കൊല്ലിവയലില്‍ 1.8 ഹെക്ടര്‍, മാടപ്പറമ്പില്‍ 10.03 ഹെക്ടര്‍, ചുള്ളിക്കലില്‍ 4.43 ഹെക്ടര്‍ എന്നിങ്ങനെ വനപ്രദേശമാണ് വനവത്കരണത്തിന് ശിപാര്‍ശ ചെയ്തത്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഒരു ഭാഗം പദ്ധതി വിന്യാസത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്നതാണെന്നും ബാദുഷ പറഞ്ഞു.
DeToor reflective wanderings…