തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നീ രോഗലക്ഷണമുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നതിന് പിന്നാലെയാണ് കോവിഡ് വ്യാപനത്തില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.
നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധന ആരംഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് നിലവില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തോളം കോവിഡ് ടെസ്റ്റുകള്‍ നടക്കുന്നില്ല എന്നതാണ് കേരളം പട്ടികയില്‍ ഒന്നാമതാവാനുള്ള കാരണം.
430 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത്. ഇന്ത്യയിലാകെ കോവിഡ് രോഗികളുടെ എണ്ണം 1000 പിന്നിട്ടു.