Thursday , June 26 2025, 4:13 pm

കാസര്‍കോട് ദേശീയപാതയില്‍ 101 സ്ഥലങ്ങള്‍ പ്രശ്‌നബാധിതമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ 101 സ്ഥലങ്ങള്‍ പ്രശ്‌നബാധിത മേഖലകളെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കാലവര്‍ഷം എത്തിയതോടെ ജില്ലയിലെ ദേശീയപാതകളില്‍ പരിശോധന നടത്തിയ പ്രത്യേക സംഘമാണ് പ്രശ്‌നബാധിത മേഖലകള്‍ കണ്ടെത്തിയത്. ഇതില്‍ 23 ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലയില്‍ എന്‍.എച്ച് 66 കടന്ന് പോകുന്ന തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള മേഖലകളില്‍ ചെറുതും വലുതുമായ 101 പ്രശ്‌നബാധിത മേഖലകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മണ്ണിടിച്ചല്‍ സാധ്യതയുള്ള അഞ്ച് സ്ഥലങ്ങളാണ് ജില്ലയില്‍ ഉള്ളത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കീഴിലാണ് ഈ അഞ്ച് സ്ഥലത്തെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മണ്ണിടിച്ചല്‍ സാധ്യത നിലിനില്‍ക്കുന്ന വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച, ചട്ടഞ്ചാല്‍ മേഖലയിലെ സ്ഥിതിഗതികള്‍ ജില്ലാ ഭരണകൂടം നിരീക്ഷിച്ച് വരികയാണെന്ന് കലക്ടര്‍ അറിയിച്ചു. ബേവിഞ്ചയില്‍ ദേശീയ പാതയുടെ സമീപത്തായി 150 കുടുംബങ്ങളാണ് താമസിക്കുന്നത്. വീരമലക്കുന്നില്‍ പത്ത് കുടുംബങ്ങളും മട്ടലായിക്കുന്നില്‍ 15 കുടുംബങ്ങളും താമസിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടം വന്നാല്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സഞ്ചീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാഭരണകൂടം അറിയിച്ചു.

 

Comments