Saturday , October 4 2025, 3:59 pm

സംസ്ഥാനത്ത് കനത്ത മഴ; കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അടുത്ത 48 മണിക്കൂര്‍ അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങള്‍ക്ക് മഴ കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നാളെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 27 വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു. വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങ്ങിന് നിരോധനമുണ്ട്.

ഇടുക്കി ജില്ലയില്‍ ബോട്ടിങ്, കുട്ടവഞ്ചി സവാരി, കയാക്കിങ്, റാഫ്റ്റിങ് എന്നിവ നിരോധിച്ചു. വെള്ളച്ചാട്ടങ്ങളിലും വിനോദ സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. മലയോര മേഖലയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Comments