Friday , June 27 2025, 1:19 am

എലത്തൂര്‍ അമ്പലപ്പടിയില്‍ ദേശീയപാതാ മേല്‍പ്പാലത്തില്‍ വിള്ളല്‍; ബൈക്ക് യാത്രികര്‍ക്ക് മുകളിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു

കോഴിക്കോട്: എലത്തൂര്‍ അമ്പലപ്പടിയില്‍ ദേശീയപാത മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി അണ്ടര്‍പാസിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു. ബൈക്ക് യാത്രക്കാരുടെ മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്.

വിള്ളല്‍ കണ്ടപ്പോള്‍ തന്നെ അധികാരികളെ അറിയിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വിള്ളല്‍ പെയിന്റടിച്ച് മറക്കുകയാണ് അധികൃതര്‍ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അതിനിടെ കോഴിക്കോട് തിരുവങ്ങൂര്‍ മേല്‍പ്പാലത്തില്‍ കണ്ടെത്തിയ വിള്ളല്‍ താത്ക്കാലികമായി അടച്ചു. 400 മീറ്റര്‍ നീളത്തിലാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ മഴ കനത്താല്‍ വീണ്ടും വിള്ളല്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കഴിഞ്ഞദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നിരുന്നു. പലയിടത്തും ദേശീയപാതകളില്‍ വിള്ളലുകളും കണ്ടെത്തിയിരുന്നു. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലും തൃശൂര്‍ ചാവക്കാട് ദേശീയപാത 66 ലും വിള്ളല്‍ കണ്ടെത്തിയിരുന്നു. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ട് കീറിയത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദേശീയപത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 

Comments