കല്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു. താത്കാലികമായി പുനരധിവസിപ്പിച്ച ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വീട്ടുവാടകയും ഉപജീവന ദിനബത്തയും മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു ദുരന്തബാധിതര്‍ പങ്കെടുത്തു. പ്രകടനമായി എത്തിയ ദുരന്തബാധിതരെ താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനു കാരണമായി. രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം മണിക്കൂറിലേറെ നീണ്ടു. നിവൃത്തിയില്ലാതെയാണ് താലൂക്ക് ഓഫീസ് ഉപരോധത്തിന് ദുരന്തബാധിതര്‍ നിര്‍ബന്ധിതരായതെന്നു ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്കായി പൊതുജനം നല്കിയ 750 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഉള്ളപ്പോഴാണ് വാടകയും ബത്തയും മുടങ്ങുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഉരുള്‍ ദുരന്തബാധിതര്‍ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു
Comments