കല്‍പറ്റ: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കു പുതുതായി നടപ്പാക്കിയ കെ സ്മാര്‍ട്ടില്‍ വില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍മാര്‍(വി.ഇ.ഒ)ഉള്‍പ്പെടാത്തത് ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിനയായി. പണം കിട്ടാതെ വലയുകയാണ് ലൈഫ് പദ്ധതിയില്‍ വീടുപണി തുടങ്ങിയവര്‍. ലൈഫ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരായ വിഇഒമാര്‍ക്ക് കെ സ്മാര്‍ട്ട് മുഖേന ബില്ലുകള്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്നില്ല.
‘സാംഖ്യ’ സോഫ്റ്റ്‌വേര്‍ മുഖേനയണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കിയിരുന്നത്. കെ സ്മാര്‍ട്ട് വന്നതോടെ ‘സാംഖ്യ’ പ്രവര്‍ത്തനം നിലച്ചു. കെ സ്മാര്‍ട്ടില്‍ ഓരോ നിര്‍വഹണ ഉദ്യോഗസ്ഥനെയും പ്രോജക്ട് യൂനിറ്റായി ഉള്‍പ്പെടുത്തിയാണ് ബില്ലുകള്‍ പ്രോസസ് ചെയ്യേണ്ടത്. എന്നിരിക്കേയാണ് ഓരോ പഞ്ചായത്തിലും പകുതിയോളം തുകയും ചെലവഴിക്കുന്ന വി.ഇ.ഒയെ നിര്‍വഹണ ഉദ്യോഗസ്ഥനായി ചേര്‍ക്കാന്‍ കഴിയാത്തത്.
തദ്ദേശ വകുപ്പ് ഏകീകരണത്തോടെ ഇല്ലാതായ തസ്തികയാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍. നേരത്തേ ഗ്രാമ വികസന വകുപ്പിന്റെ ഭാഗമായി ബ്ലോക്കുതലത്തിലാണ് വി.ഇ.ഒമാരുടെ നിയമന പ്രക്രിയ നടന്നത്. ഇപ്പോള്‍ ജില്ലാ ജോയിന്റ് ഡയറക്ടറാണ് വി.ഇ.ഒമാരെ പഞ്ചായത്തുകളില്‍ നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് സംസ്ഥാനത്ത് വി.ഇ.ഒമാരെയും ലൈഫ് ഗുണഭോക്താക്കളെയും ബാധിക്കുന്നത്.
ഇത്തവണ വളരെ നേരത്തേ പദ്ധതി രൂപീകരണ പ്രക്രിയ പൂര്‍ത്തിയാകുകയും ട്രഷറിയില്‍ ഫണ്ട് ലഭ്യമാക്കുകയും ചെയ്‌തെങ്കിലും കെ സ്മാര്‍ട്ട് പ്രശ്‌നം കാരണം തുക ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭവന നിര്‍മാണത്തിന് ഏറ്റവും യോജിച്ച മാസങ്ങളാണ് ഏപ്രിലും മെയും. ഈ മാസങ്ങളില്‍ ഫണ്ട് കിട്ടാത്തത് ലൈഫ് പദ്ധതി പുരോഗതിയെ ബാധിക്കും. മഴക്കാലം തുടങ്ങിയാല്‍ ഏതാനും മാസം വീടുപണി സുഗമമല്ല. അതിനുപിന്നാലെ തദ്ദേശസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പും വരുന്നതിനാല്‍ ഭവന നിര്‍മാണങ്ങള്‍ അവതാളത്തിലാകുമെന്ന് അഭിപ്രായം പൊതുവേയുണ്ട്.