അടിമാലി: പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാത്രമായി ഉപയോഗിച്ചു വരുന്ന ശ്മശാനത്തില്‍ അതിക്രമിച്ചു കയറി ശവസംസ്കാരം നടത്തിയതായി പൊലീസില്‍ പരാതി. അവശ ക്രൈസ്തവ സംരക്ഷണ സമിതിയുടെ അധീനതയിലുള്ള പഴയവിടുതിയിലെ ശ്മശാനത്തില്‍ മറ്റൊരു സംഘടനയില്‍പ്പെട്ട ചിലര്‍ അവരുടെ പുരോഹിതരുമായി ചേര്‍ന്ന് ശ്മശാനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി ശവസംസ്കാരം നടത്തിയെന്നാണ് പരാതി. അവശ ക്രൈസ്തവ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
രാജാക്കാട് പഞ്ചായത്തിലെ പഴയവിടുതി കരയില്‍ സര്‍വെ 180/41ല്‍പ്പെട്ട 75 സെന്റ് സ്ഥലമാണിത്. മെയ് ആറിന് സേനാപതിയിലെ രണ്ട് പുരോഹിതന്മാരായ ഫാ. ബാബു ജേക്കബ്, ഫാ. ജോര്‍ജ് ജേക്കബ് എന്നിവരുടെ ഒത്താശയോടെയാണ് ശവസംസ്കാരം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
സമുദായ ഐക്യം തകര്‍ക്കാനും ചേരിതിരിവ് സൃഷ്ടിക്കാനുമാണ് നീക്കമെന്നും ഇതിനെതിരെ കേസെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. രാജാക്കാട് നടന്ന വാര്‍ത്തസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ കെ.സി ഷാജി, എം.ജോര്‍ജ്കുട്ടി, പി.ഐ അനില്‍, ജിജോ കെ. ജോസ്, എന്‍.ജെ സണ്ണി, പി.വൈ.റോയി, എന്‍.ഡി ജോണ്‍, ജോയി മാത്യു എന്നിവര്‍ പങ്കെടുത്തു.