കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് കടയടപ്പ് സമരം തുടങ്ങി. കോഴിക്കോട് വെജിറ്റബിള്‍ മാര്‍ക്കറ്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടകള്‍ അടച്ചിട്ട വ്യാപാരികള്‍ ഇന്ന് രാവിലെ എട്ടിന് പാളയത്ത് നിന്ന് മാര്‍ച്ച് നടത്തി കോഴിക്കോട് നഗരസഭ ഓഫീസ് ഉപരോധിക്കും. ഉച്ചയ്ക്ക് 12 മണിവരെ ഉപരോധം തുടരും.
1962 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പാളയത്തെ പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തണമെന്നും പച്ചക്കറി മാര്‍ക്കറ്റ് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ്, കണ്‍വീനര്‍ എ.ടി. അബ്ദു എന്നിവര്‍ അറിയിച്ചു. രണ്ടര ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി മാര്‍ക്കറ്റ് സ്ഥിതി ചെയ്ുന്നയത്. എന്നാല്‍ അതിന്റെ ചെറിയൊരു ഭാഗം മാത്രമെ ഇപ്പോള്‍ മാര്‍ക്കറ്റിനായി ഉപയോഗിക്കുന്നുള്ളു. ബാക്കി ഭാഗം കൂടി ഉപയോഗിച്ച് മാര്‍ക്കറ്റ് നവീകരിക്കാവുന്നതാണ്. അതിനുപകരം പാളയം മാര്‍ക്കറ്റിന്റെ പകുതിമാത്രം വരുന്ന കല്ലുത്താന്‍കടവിലെ കെട്ടിടത്തിലേക്ക് മാറ്റുന്നത് അംഗീകരിക്കാനാവില്ല. പാളയം മാര്‍ക്കറ്റില്‍ 144 കടമുറികളാണുള്ളത്. ഇതിന് പുറമെ 35 ഓളം സ്വകാര്യസ്ഥാപനങ്ങളും ഉണ്ട്. കച്ചവടക്കാര്‍ക്ക് പുറമെ അഞ്ഞൂറോളം സ്ഥിരം തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്തുവണ്ടിക്കാരും തെരുവ് കച്ചവടക്കാരുമായി ധാരാളം പേര് വേറെയും ഉണ്ട്. ഇവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സൗകര്യം കല്ലുത്താന്‍കടവില്‍ ഇല്ല. പാളയത്ത് നിരവധി ലോറികളാണ് സാധനങ്ങളുമായി എത്തുന്നത്. എന്നാല്‍ കല്ലുത്താന്‍കടവില്‍ രണ്ട് ലോറിക്ക് ഒരേസസമയം കടന്നുവരാനോ, ചരക്ക് ഇറക്കാനോ ഉള്ള സൗകര്യമില്ല. മാര്‍ക്കറ്റ് വിപുലീകരിക്കാനുള്ള എല്ലാ സാധ്യതയും പാളയത്ത് ഉണ്ടായിരിക്കെ കല്ലുത്താന്‍കടവിലേക്ക് നിര്‍ബന്ധമായി മാര്‍ക്കറ്റ് മാറ്റുന്നത് ദുരുദ്ദ്യേശപരമാണ്. കോഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. 75 സെന്റ് മാത്രം വിസ്തൃതിയുള്ള സ്ഥലത്തേക്ക് മാര്‍ക്കറ്റ് മാറുമ്പോള്‍ കച്ചവടക്കാര്‍ക്ക് മാത്രമല്ല, മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കുമെല്ലാം പ്രയാസം നേരിടുകയാണ്. നിലവിലുള്ള പാളയം മാര്‍ക്കറ്റില്‍ പലതരം വ്യാപാരങ്ങള്‍ ഉണ്ട്.പഴവര്‍ഗങ്ങളും പച്ചക്കറിയും മാത്രമല്ല, തൈര്, അരി, മിഠായികച്ചവടം എന്നിവ ഒന്നിച്ചാണ് നടക്കുന്നത്. ബസ് സ്റ്റാന്റിന്റെ സാന്നിധ്യവും കച്ചവടത്തിന് സഹായകരമാണ്. എന്നാല്‍ കല്ലുത്താന്‍കടവില്‍ ഇത്തരം സൗകര്യങ്ങളൊന്നും ലഭിക്കില്ല. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഒരുനിലയ്ക്കും ഗുണം ചെയ്യാത്തതാണ് മാര്‍ക്കറ്റ് മാറ്റം. ഇതില്‍നിന്ന് കോര്പറേഷന് അധികൃതര്‍ പിന്മാറണമെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ എം.മുഹമ്മദ് ബഷീര്‍, കണ്‍വീനര്‍മാരായ നാസര്‍ കരിമാടം, കെ.എം. അബ്ദുള്‍ ജലീല്‍, വൈസ് ചെയര്മാന് പി.അബ്ദുള്‍ റഷീദ് എന്നിവരും പങ്കെടുത്തു.