കോഴിക്കോട്: നടുവണ്ണൂരില്‍നിന്ന് പുതിയ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. തന്റെ പേരില്‍ ഒരു മത്സ്യംകൂടി അറിയപ്പെടുന്ന സന്തോഷത്തിലാണ് നടുവണ്ണൂര്‍ സ്വദേശി മൂന്നാം ക്ലാസുകാരി ജൂഹു. ജൂഹു എന്നു വിളിക്കുന്ന ധന്‍വി ധീര എന്ന പെണ്‍കുട്ടി നാലു വയസ്സുള്ള സമയത്താണ് ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അമ്മയായ അശ്വിനി ലാലുവിനെ ഇത് അറിയിക്കുകയും അവര്‍ക്ക് ഈ മത്സ്യത്തോട് തോന്നിയ ഒരു കൗതുകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ബി. പ്രദീപിനോട് പങ്കുവെക്കുകയും ചെയ്തു.

ഈ കൗതുകമാണ് പുതിയ മത്സ്യത്തെ കണ്ടെത്താനുള്ള വഴിത്തിരിവായത്. നടുവണ്ണൂരിലെ വല്ലോറ മലയില്‍, മലോല്‍ കാര്‍ത്യായനി അമ്മയുടെ വീട്ടിലെ കിണറില്‍നിന്നാണ് അശ്വിനി ലാലുവും, പരിസരത്തെ വീട്ടുകാരും ആവശ്യത്തിനുള്ള വെള്ളം പമ്പ് ഉപയോഗിച്ച് ടാങ്കിലേക്ക് അടിക്കാറുണ്ടായിരുന്നത്. ഈ കിണറില്‍നിന്നാണ് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. ഈ കിണറിലേക്ക് അടിയൊഴുക്കായി വെള്ളം വരുകയും അതേപോലെ കിണറില്‍നിന്ന് താഴോട്ട് നീര്‍ച്ചാല്‍ ആയി വെള്ളം പോവുകയും ചെയ്യുന്നുണ്ട്.
കെ.വി.കെയിലെ ഡോ. ബി. പ്രദീപും, കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെ.ആര്‍. ശ്രീനാഥിന്റെ (ഇപ്പോള്‍ ഡയറക്ടര്‍ ജനറല്‍, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ) നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യത്തെ പറ്റിയുള്ള ഗവേഷണം നടത്തിയത്. തുടര്‍ന്ന് ഈ മത്സ്യം പുതിയ ഇനം മത്സ്യമാണെന്ന് കണ്ടെത്തി.
മത്സ്യത്തെ ആദ്യമായി കണ്ടെത്തിയ കുഞ്ഞ് ജൂഹുവിനോടുള്ള ബഹുമാനാര്‍ഥം ഈ മത്സ്യത്തിന് പാന്‍ജിയോ ജുഹുവേ എന്ന് പേര് നല്‍കി. ഈ മത്സ്യത്തെ പറ്റിയുള്ള ഗവേഷണ പ്രബന്ധം ഇന്ത്യന്‍ ജനല്‍ ഓഫ് ഫിഷറീസ് 2025 ജനുവരി-മാര്‍ച്ച് ലക്കത്തില്‍ ‘ദക്ഷിണേന്ത്യയില്‍നിന്ന് ഒരു പുതിയ ഇനം ട്രോഗ്ലോബൈറ്റിക് ഈല്‍ലോച്ചിനെ കണ്ടെത്തി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. കെ.ആര്‍. ശ്രീനാഥ്, ഡോ. ബി. പ്രദീപ്, ഡോ. കെ.ആര്‍. അജു, ഡോ. സന്ധ്യ സുകുമാരന്‍, ഡോ. വില്‍സണ്‍ സെബാസ്‌റ്റൈന്‍, ഡോ. ആല്‍വിന്‍ ആന്റോ, ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഇപ്പോള്‍ കണ്ടുപിടിച്ച പാന്‍ജിയോ ജുഹുവക്ക് മുമ്പേ കണ്ടെത്തിയ ഇനങ്ങളെ അപേക്ഷിച്ച് മുതുകിലെ ചിറകുണ്ട്. ഇത് കൂടാതെ ഇവയുടെ കണ്ണുകളും വലുതാണ്. അതിനാല്‍ മറ്റ് രണ്ട് ഇനങ്ങളില്‍നിന്ന് ഈ മത്സ്യം വ്യത്യസ്തമാണ്. ഇവക്ക് ഭൂഗര്‍ഭ സ്വഭാവ സവിശേഷതകള്‍ അതിനാല്‍ കുറവാണെന്ന് ഡോ. ശ്രീനാഥ് പറഞ്ഞു.
ഡോ. പ്രദീപിന്റെ അഭിപ്രായത്തില്‍ 2021 മുതല്‍ പ്രത്യേകിച്ച് മഴക്കാലത്ത് ഈ കിണറ്റില്‍നിന്നും മറ്റു ചില കിണറുകളില്‍നിന്നും ഈ മത്സ്യത്തെ കണ്ടതായി ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍നിന്ന് രണ്ട് വ്യത്യസ്ത തരം ഭൂഗര്‍ഭ മത്സ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് സമ്പന്നമായ ഭൂഗര്‍ഭ ആവാസവ്യവസ്ഥയുണ്ടെന്നും അതില്‍ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവികള്‍ ഉണ്ടെന്നും സൂചന നല്‍കുന്നു. ഈ ഭൂഗര്‍ഭ ആവാസവ്യവസ്ഥയെയും അതില്‍ വസിക്കുന്ന അതുല്യമായ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമാണ് -അദ്ദേഹം പറഞ്ഞു.